തിരുവനന്തപുരം: പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോ. ബി. ആർ. അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്.
2021 ആഗസ്റ്റ് 16 മുതൽ 2022 ആഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോർട്ടുകളും പ്രോഗ്രാമുകളുമാണ് അവാർഡിന് പരിഗണിക്കുക. അവാർഡിന് അപേക്ഷിക്കുന്നവർ അച്ചടി മാധ്യമങ്ങളിലെ വാർത്ത/ ഫീച്ചർ/ പരമ്പര എന്നിവയുടെ അഞ്ച് പകർപ്പുകൾ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം ലഭ്യമാക്കണം. ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള എൻട്രികൾ ന്യൂസ് സ്റ്റോറിയോ, കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും ദൈർഘ്യമുള്ള വാർത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെന്ററിയോ ആയിരിക്കണം. ഡി.വി.ഡി ഫോർമാറ്റിലുള്ള എൻട്രി (5 കോപ്പികൾ), ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എൻട്രിയെക്കുറിച്ചുള്ള ലഘുവിവരണം, അപേക്ഷകരുടെ ഫോൺനമ്പർ, ഫോട്ടോ (1കോപ്പി) എന്നിവ സഹിതം വേണം അപേക്ഷിക്കേണ്ടത്.
ശ്രവ്യ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാർഡിന് പരിഗണിക്കും. എൻട്രികൾ സി.ഡി യിലാക്കി ലഘുവിവരണം, പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം നൽകണം. എൻട്രികൾ നവംബർ 10 വരെ സ്വീകരിക്കും. എൻട്രികൾ ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളിഭവൻ, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.scdd.kerala.gov.in, 0471-2315375.