ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ലഹരി വസ്തുക്കൾ പിടികൂടി; ഒരാളെ അറസ്റ്റ് ചെയ്തു
ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കിലോ ഹാഷിഷ് ഓയിലും നാലു കിലോ കഞ്ചാവും പിടികൂടി. റെയിൽവേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്ഫോമിൽ നിന്നാണ് ലഹരിമരുന്നുകളുമായി തിരൂർ സ്വദേശി മുസ്തഫയെ ആർപിഎഫ് പിടികൂടിയത്.
കഞ്ചാവും ഹാഷിഷ് ഓയിലും ബാഗിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. കഞ്ചാവ് നാലു പാക്കറ്റുകളിലും ഹാഷിഷ് ഓയിൽ ഒരു പാക്കറ്റിലുമാണ് ഉണ്ടായിരുന്നത്.
ആന്ധ്രയിൽ നിന്നാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നത്. ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടിയും കഞ്ചാവിന് രണ്ടു ലക്ഷവും വില കണക്കാക്കുന്നു.
പ്രതിയെ തുടർനടപടികൾക്കായി ഒറ്റപ്പാലം എക്സൈസ് ഇൻസ്പെക്ടർക്ക് കൈമാറി. ആർപിഎഫ് പോസ്റ്റ്കമാണ്ടർ മനോജ്കുമാർ യാദവ്, എ എസ് ഐ വി ബാലകൃഷ്ണൻ, പി ദിലീപ്കുമാർ, രാമകൃഷ്ണൻ തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.