മദ്യലഹരിയില്‍ വാഹനമോടിച്ചു;ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി;എഎസ്‌ഐയും സംഘവും അറസ്റ്റില്‍

മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും എഎസ്‌ഐക്കും, സംഘത്തിനുമെതിരേ കേസെടുത്തു

Update: 2022-01-04 05:48 GMT
മദ്യലഹരിയില്‍ വാഹനമോടിച്ചു;ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി;എഎസ്‌ഐയും സംഘവും അറസ്റ്റില്‍

തൃശൂര്‍: മദ്യ ലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ എഎസ്‌ഐയും സംഘവും അറസ്റ്റില്‍. മലപ്പുറം പോലിസ് ക്യാംപിലെ എഎസ്‌ഐ പ്രശാന്തിനേയും സുഹൃത്തുക്കളേയും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

തൃശൂര്‍ കണ്ണാറയില്‍ ഇന്നലെ രാത്രിയാണ് സംഭവം.സുഹൃത്തിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിനായി പോയതായിരുന്നു എഎസ്‌ഐയും സുഹൃത്തുക്കളും. അവിടെ നിന്ന് മടങ്ങുമ്പോഴാണ് ഇവര്‍ സഞ്ചരിച്ച കാര്‍ എതിരേ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചത്. ബൈക്കില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് അപകടത്തില്‍ സാരമായ പരിക്കേറ്റു.ലില്‍ജിത്ത്(24), കാവ്യ(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.മുട്ടിന് ഗുരുതരമായ പരിക്കേറ്റതിനാല്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചു.

ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം എഎസ്‌ഐയും സംഘവും കാര്‍ നിര്‍ത്താതെ പോയി. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തേണ്ടി വരികയായിരുന്നു. പിന്നാലെ നാട്ടുകാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.സിറ്റി പോലിസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

എഎസ്‌ഐ പ്രശാന്താണ് മദ്യപിച്ച് വണ്ടിയോടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.പ്രശാന്തിനൊപ്പം മൂന്ന് സുഹൃത്തുക്കളുടേയും അറസ്റ്റ് പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും പ്രശാന്തിനും സംഘത്തിനുമെതിരെ കേസെടുത്തു.




Tags:    

Similar News