പറപ്പൂക്കരയില്‍ കര്‍ഷക സഹായ ഉല്‍പന്നങ്ങള്‍ക്ക് ഇക്കോ ഷോപ്പ്

Update: 2020-08-25 19:22 GMT

പറപ്പൂക്കര പഞ്ചായത്തില്‍ കര്‍ഷക സഹായ ഉല്‍പന്നങ്ങളും ഉപകരണങ്ങളും വില്‍പ്പന നടത്തുന്നതിന് ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടത്തിന് സമീപം നന്തിക്കര സെന്ററിനോട് ചേര്‍ന്ന് ദേശീയ പാതയോരത്താണ് ഇക്കോ ഷോപ്പ് പ്രവര്‍ത്തനമാരംഭിച്ചത്. 2018-19 ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,77,000 രൂപ ചിലവഴിച്ച് ഇക്കോ ഷോപ്പ് കെട്ടിടം പണിയും കൃഷി വകുപ്പില്‍ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് വൈദ്യുതീകരണ ജോലികള്‍ ഉള്‍പ്പെടെയുള്ള ഇക്കോ ഷോപ്പിന്റെ അടിസ്ഥാന സൗകര്യങ്ങളുമാണ് പൂര്‍ത്തീകരിച്ചത്.

ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഏഴ് പേരടങ്ങുന്ന കമ്മിറ്റിയാണ് നിലവില്‍ ഇക്കോ ഷോപ്പിന് നേതൃത്വം നല്‍കുന്നത്. ഫ്യൂഡോ മൊണോക്സ്, ട്രൈക്കോഡര്‍മ, വെര്‍ട്ടിഫീലിയം തുടങ്ങിയ ജീവാണുവളങ്ങളും, ജൈവ കീടനാശിനികള്‍, ജൈവവളം, ഗ്രോബാഗുകള്‍ തുടങ്ങിയ കാര്‍ഷിക സഹായ ഉത്പന്നങ്ങളും ഗ്രോബാഗ്, ചെടിച്ചട്ടികള്‍, വെട്ടുകത്തി, കൈക്കോട്ട്, ഗാര്‍ഡനിംഗ് ഉപകരണങ്ങള്‍ തുടങ്ങി ചെറിയ തരം കാര്‍ഷിക ഉപകരണങ്ങളുമാണ് വില്‍പ്പന നടത്തുന്നത്. ഇവയ്ക്ക് പുറമെ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ശേഖരിച്ച നാടന്‍ പച്ചക്കറികളും, പച്ചക്കറി വിത്തുകളും ഇക്കോ ഷോപ്പില്‍ നിന്നും ലഭ്യമാണ്.

ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഡി നെല്‍സണ്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രീത സജീവന്‍, റീന ഫ്രാന്‍സീസ്, പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. 

Similar News