എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; ആക്രമണത്തിന് ഉത്തരവാദി താന്‍ മാത്രം: ഷാരൂഖിന്റെ പ്രാഥമിക മൊഴി
ഇന്ന് പുലര്‍ച്ചെ 3.00-3.30 ഓടെയാണ് എലത്തൂര്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചത്
കോഴിക്കോട്: എലത്തൂര്‍ തീവെയ്പ്പുമായി ബന്ധപ്പെട്ട് ഷാരൂഖിന്റെ പ്രാഥമിക മൊഴി പൊലീസിന്. ആക്രമണത്തിന് പിന്നില്‍ മറ്റാരുമില്ലെന്നും താന്‍ മാത്രമാണ് ഉത്തരവാദിയെന്നും പ്രതി പൊലീസിന് മൊഴി നല്കി. 'തീവെയ്പ്പിന് ശേഷം അതേ ട്രെയിനില്‍ കണ്ണൂരിലെത്തി. സ്റ്റേഷനില്‍ പരിശോധന നടക്കുമ്പോള്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ ഒളിച്ചിരുന്നു. പുലര്‍ച്ചെ രത്നഗിരിയിലേക്ക് പോയി. ജനറല്‍ കംപാര്‍ട്ട്മെന്റിലായിരുന്നു യാത്ര. ടിക്കറ്റ് എടുത്തിരുന്നില്ല.' പ്രതി പറഞ്ഞു. കേരളത്തില്‍ ആദ്യമാണെന്നും ഷാരൂഖ് പൊലീസിനോട് പറഞ്ഞു. മൊഴിയില്‍ വിശദ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.
ഇന്ന് പുലര്‍ച്ചെ 3.00-3.30 ഓടെയാണ് എലത്തൂര്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഷാരുഖ് സെയ്ഫി പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.