കോഴിക്കോട്ട് ഓടുന്ന ട്രെയിനിലുണ്ടായ ആക്രമണം; മരിച്ചത് മൂന്ന് പേര്‍; ഒരാളുടെ നില ഗുരുതരം; ഒമ്പത് പേര്‍ക്ക് പരിക്ക്
ഇയാളെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണ്.
കോഴിക്കോട്: എലത്തൂരില്‍ വച്ച് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്്പ്രസ് ട്രെയിനില്‍ കയറി യാത്രക്കാര്‍ക്കു നേരെ അക്രമി പെട്രോളൊഴിച്ചു തീക്കൊളുത്തിയതിനെ തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു. സംഭവത്തില്‍ അക്രമിയെ ഇനിയും പിടികൂടാനായില്ല. ഞായര്‍ രാത്രി ഒമ്പതോടെയാണ് ട്രെയിന്‍ യാത്രക്കാരെ അക്രമി തീക്കൊളുത്തിയത്. ഡി 1 കംപാര്‍ട്ട്മെന്റിലെ യാത്രക്കാരാണ് ആക്രമണത്തിനിരയായത്.ടോയ്ലറ്റിന്റെ ഭാഗത്തു നിന്ന് കംപാര്‍ട്ട്മെന്റിലേക്ക് രണ്ടുകുപ്പികളുമായി വന്ന അക്രമി പെട്രോള്‍ യാത്രക്കാര്‍ക്കു നേരെ വീശിയൊഴിച്ച ശേഷം തീക്കൊളുത്തുകയായിരുന്നു. ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തിയതോടെ അക്രമി ഓടിരക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണ്.എലത്തൂര്‍ കോതപ്പുഴ പാലത്തിനു സമീപം പാളത്തില്‍ നിന്നാണ് മൂന്നുയാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെട്രോളാക്രമണത്തെ തുടര്‍ന്ന് ഇവര്‍ കംപാര്‍്ട്ട്മെന്റില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. പാപ്പിനിശ്ശേരി സ്വദേശി റഹ്‌മത്ത്(45), ഇവരുടെ സഹോദരിയുടെ മകള്‍ സഹ്ല(2), ഒരു പുരുഷന്‍ എന്നിവരാണ് മരിച്ചത്.
9 പേര്‍ക്ക് പെട്രോളാക്രമണത്തില്‍ പൊള്ളലേറ്റു. പരിക്കേറ്റ കണ്ണൂര്‍ കതിരൂര്‍ പൂഞ്ഞം നായനാര്‍ റോഡ് പൊയ്യില്‍ വീട്ടില്‍ അനില്‍ കുമാര്‍, ഭാര്യ സജിഷ മകന്‍ അദ്വൈത്, റെയില്‍വേ എന്‍ജിനീയര്‍ തൃശൂര്‍ മണ്ണുത്തി മാനാട്ടില്‍ പ്രിന്‍സിന്റെ ഭാര്യ അശ്വതി(29), കണ്ണൂര്‍ യൂനിവേഴ്സിറ്റി സെക്ഷന്‍ ഓഫിസര്‍ തള്ളിപ്പറമ്പ് അരിയില്‍ നീലിമ ഹൗസില്‍ റൂബി(52) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും റാസിഖിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ജ്യോതീന്ദ്രനാഥ്, പ്രിന്‍സ് എന്നിവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റവരില്‍ അനില്‍കുമാറിന്റെ നില ഗുരുതരമാണ്. എറണാകുളത്ത് യോഗം കഴിഞ്ഞ് മടങ്ങിയ കണ്ണൂര്‍ എന്‍ജിനീയറിങ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളാണ് ആക്രമണം നടന്ന കംപാര്‍ട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാരിലേറെയും.