ലോക്‌സഭാ തിരഞ്ഞെടുപ്പ്: ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ പത്രപരസ്യം നല്‍കണം
പത്രപരസ്യം നല്‍കുന്നതിലൂടെ ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ സാധിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. അതേപോലെ എല്ലാ വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും
ന്യൂഡല്‍ഹി: ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരവധി പരിഷ്‌ക്കാരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുവന്നിട്ടുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ അത് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കി അതിന്റെ തെളിവ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നുള്ളതാണ്. ഇതുസംബന്ധിച്ച നിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പത്രപരസ്യം നല്‍കുന്നതിലൂടെ ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ സാധിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. അതേപോലെ എല്ലാ വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും (റസീറ്റ് ലഭിക്കുന്ന രീതി).
അതേസമയം, ഇത്തവണ വോട്ടിങ് യന്ത്രത്തില്‍ ചിഹ്നത്തിനൊപ്പം സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കും. അപരന്മാര്‍ക്ക് ഇത് കടുത്ത തിരിച്ചടിയാകും. നേരത്തേതിന് സമാനമായി ഉച്ചഭാഷിണി ഉപയോഗത്തിനും കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. സാമൂഹിക മധ്യമങ്ങളിലെ പ്രചരണങ്ങളുടെ ചെലവും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളില്‍ ഉള്‍പ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.