'അറിയാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നതൊക്കെ നല്ലതാണ്, പക്ഷേ അത് കശ്മീരികളുടെ കാര്യത്തിലും വേണം' : സുപ്രിംകോടതിയോട് മെഹ്ബൂബ മുഫ്തി
'സങ്കടകരമെന്നു പറയട്ടെ, നൂറുകണക്കിന് കശ്മീരികളെയും പത്രപ്രവര്‍ത്തകരെയും ആരോപണങ്ങളുടെ പേരില്‍ മാത്രം ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഈ അതൃപ്തി ചിലര്‍ക്കു മാത്രം ബാധകമാകുന്ന ഒന്നാണ്. '
ശ്രീനഗര്‍: അറിയാനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ച് സുപ്രീംകോടതിയുടെ ''അതൃപ്തി'' യോട് യോജിക്കുന്നുവെന്ന് പിഡിപി മേധാവി മെഹ്ബൂബ മുഫ്തി. എന്നാല്‍ കശ്മീരികളുടെ കാര്യത്തില്‍ അത് എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തപ്പെടുന്നത് എന്നും അവര്‍ ചോദിച്ചു. റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയെക്കുറിച്ചുള്ള വാദം കേള്‍ക്കുന്നതിനിടെ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന.
'അറിയാനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശത്തോട് സുപ്രീം കോടതിയുടെ കാണിച്ച നീരസത്തോട് ഞാന്‍ യോജിക്കുന്നു, പക്ഷേ സങ്കടകരമെന്നു പറയട്ടെ, നൂറുകണക്കിന് കശ്മീരികളെയും പത്രപ്രവര്‍ത്തകരെയും ആരോപണങ്ങളുടെ പേരില്‍ മാത്രം ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഈ അതൃപ്തി ചിലര്‍ക്കു മാത്രം ബാധകമാകുന്ന ഒന്നാണ്. അവരുടെ കേസ് പരിഗണിക്കപ്പെടുന്നുപോലുമില്ല, അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അടിയന്തിരമായി വാദം കേള്‍ക്കുന്നുമില്ല, എന്തുകൊണ്ട്?' മുന്‍ മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.