'ചുവപ്പ് കോട്ടയില്‍ കാവിപ്പതാകയുയര്‍ത്തുമെന്ന് പ്രസംഗിച്ച മന്ത്രിയെ പുറത്താക്കുക'; പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് കര്‍ണാടക നിയമസഭ നിര്‍ത്തിവച്ചു
ബെംഗളൂരു; ചുവപ്പ് കോട്ടയില്‍ കാവിപ്പതാകയുയര്‍ത്തുമെന്ന് പ്രസംഗിച്ച ബിജെപി മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം തുടങ്ങിവച്ച പ്രതിഷേധം രൂക്ഷമായതോടെ കര്‍ണാടക നിയമസഭ മാര്‍ച്ച് 4വരെ നിര്‍ത്തിവച്ചു. ഗ്രാമവികസന പഞ്ചായത്തി രാജ് മന്ത്രി കെ എസ് ഈശ്വരപ്പയാണ് ചുവപ്പുകോട്ടയില്‍ കാവിക്കൊടിയുയര്‍ത്തുമെന്ന് പ്രസംഗിച്ചത്.
ഇന്നലെ സഭാനടപടികള്‍ തുടങ്ങിയതോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും തുടങ്ങി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുദ്രാവാക്യവുമായി നടത്തളത്തിലിറങ്ങി. പ്രതിഷേധക്കാരെ ഒതുക്കാന്‍ സ്പീക്കര്‍ വിശ്വേശ്വര ഹെഗ്‌ഡെ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
സമരത്തിന്റെ ഭാഗമായി സഭയ്ക്ക് അഞ്ച് ദിവസം നഷ്ടപ്പെട്ടതായി സ്പീക്കര്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ കുറ്റപ്പെടുത്തി.
ബഹളത്തിനിടയിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്പീക്കറുടെയും ശമ്പളം ഉയര്‍ത്തുന്നതിനുള്ള ബില്ല് സര്‍ക്കാര്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു.
കര്‍ണാടക ലജിസ്ലേച്ചര്‍ സാലറീസ്, പെന്‍ഷന്‍, അലവന്‍സസ് ഭേദഗതി ബില്ല് 2022 ആണ് അവതരിപ്പിച്ചത്. ഖജനാവിന് പ്രതിവര്‍ഷം 67 കോടി രൂപ അധിക ബാധ്യത വരുത്തുന്നതാണ് പുതിയ ബില്ല്. മന്ത്രിമാരുടെ വീട്ട് വാടകയും യാത്രാപ്പടിയും പുതുക്കാനും ബില്ല് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭയ്ക്കുള്ളില്‍ രാപ്പകല്‍ ധര്‍ണ നടത്തുകയാണ്.
താന്‍ ഒരു സിംഹവും കോണ്‍ഗ്രസ്സുകാര്‍ ചെറിയ മൃഗങ്ങളുമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അതുകൊണ്ടാണ് തന്റെ പേര് അവര്‍ അഞ്ച് ദിവസമായി ഉരുവിട്ടുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.