ദുര്‍ഗാപൂജ സംഘാടകര്‍ക്ക് 5000 രൂപ ധനസഹായം: സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കൊത്ത: ഇത്തവണത്തെ ദുര്‍ഗാപൂജയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആഘോഷക്കമ്മറ്റികള്‍ക്ക് 50,000 രൂപ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ കല്‍ക്കത്ത ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. സപ്തംബര്‍ 24ന് മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഓരോ ആഘോഷക്കമ്മറ്റിക്കും പണം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ വന്ന പൊതുതാല്‍പ്പര്യ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ ഇതുപോലുള്ള ധനസഹായം ഈദ് ആഘോഷത്തിനും നല്‍കാറുണ്ടോ എന്ന് ഡിവിഷന്‍ ബെഞ്ചില്‍ അംഗങ്ങളായ ജസ്റ്റിസുമാരായ സന്‍ജിബ് ബാനര്‍ജി, അര്‍രിജിത് ബാനര്‍ജി എന്നിവര്‍ ആരാഞ്ഞു.
പൂജ പോലുളള ആഘോഷങ്ങള്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. പൊതുപണം ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ യുക്തിയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച കോടതി ദുര്‍ഗാപൂജ കാലത്ത് ജനങ്ങള്‍ തിങ്ങിക്കൂടുന്നത് തടയാന്‍ എന്ത് നടപടിയാണ് എടുത്തിട്ടുള്ളതെന്നും ആരാഞ്ഞു.
സിഐടിയു നേതാവായ സൗരവ് ദത്തയാണ് ദുര്‍ഗാപൂജക്ക് പണം നല്‍കാനുള്ള നടപടിക്കെതിരേ ഹരജിയുമായി രംഗത്തുവന്നത്. ഇത്തരം ആവശ്യങ്ങള്‍ക്ക് പണം നല്‍കുന്നത് രാജ്യത്തിന്റെ മതേതര ഘടനയ്ക്ക് എതിരാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ഹരജിക്കാരന്‍ ആരോപിച്ചു.
ഇത്തവണ ദുര്‍ഗാപൂജ നടത്താന്‍ അനുമതി നല്‍കരുതെന്നും പൂജ സാധാരണ പോലെ നടക്കുകയാണെങ്കില്‍ അത് കൊവിഡ് സുനാമിയായി മാറുമെന്നും ഹരജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചും.
എന്നാല്‍ പണം നല്‍കുന്നത് കൊവിഡ് പ്രോട്ടോകോളിനെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധനം നല്‍കാനാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഈ പണം ഉപയോഗിച്ച് മാസ്‌കുകളും സാനിറ്റൈസറുകളും വാങ്ങി ഉപയോഗിക്കുക വഴി കൊവിഡ് വ്യാപനം കുറക്കാന്‍ കഴിയുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്തയും ഹരജിക്കാരനു വേണ്ടി ബികാഷ് ഭട്ടാചാര്യയും ഹാജരായി. അടുത്ത സിറ്റിങ്ങില്‍ കൃത്യമായ മറുപടിയുമായി വരണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം സംസ്ഥാന മന്ത്രിസഭയിലെ സീനിയര്‍ മന്ത്രിയായ പാര്‍ത്താ ചാറ്റര്‍ജി വിഷയത്തില്‍ അഭിപ്രായം പറഞ്ഞില്ല. ദുര്‍ഗാ പൂജ ബംഗാളിന്റെ ആഘോഷം മാത്രമല്ല, ഒരു വംശത്തിന്റെ മുഴുവന്‍ ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു.