മാളഃ പൊയ്യ ഗ്രാമപഞ്ചായത്തില്‍ വാക്‌സിന്‍ നല്‍കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ വി വസന്ത്കുമാര്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍ നല്‍കുന്നതില്‍ രാഷ്ട്രീയ വിവേചനം നടക്കുന്നതായി ആരോപിച്ച് സിപിഐ പൊയ്യ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൊയ്യ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ നല്‍കാതെ യുഡിഎഫ് ഭരണ സമിതി മെമ്പര്‍മാര്‍ കൊടുക്കുന്ന ലിസ്റ്റ് പ്രകാരമാണ് വാക്‌സിന്‍ കൊടുക്കുന്നതെന്നും ഹെല്‍ത്ത് ഉദ്യോഗസ്ഥന്മാരെ നോക്കുകുത്തികളാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അനധികൃതമായി വാക്‌സിന്‍ നല്‍കുന്ന നടപടി അടിയന്തിരമായി അവസാനിപ്പിച്ച് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സിന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും വസന്ത്കുമാര്‍ ആവശ്യപ്പെട്ടു.
സി പി ഐ പൊയ്യ ലോക്കല്‍ സെക്രട്ടറി എ എം ഹക്കീം അദ്ധ്യക്ഷത വഹിച്ചു. ധര്‍ണ്ണയില്‍ പി വി അരുണ്‍, ടി എ ഉണ്ണികൃഷ്ണന്‍, സി എന്‍ സുധാര്‍ജ്ജുനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാള ബ്ലോക്ക് പഞ്ചായത്തംഗം രേഖാ ഷാന്റി ജോസഫ്, ബൈജു പാറേക്കാടന്‍, സിജി വിനോദ്, മിനി അശോകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.