വലിയ മനസ്സിന് നിറകണ്ണുകളോടെ വിട.. പ്രണാമം; കൊവിഡില്‍ മരിച്ച് ഹസ്സന് മനസ്സില്‍ തട്ടി പോലീസുകാരന്റെ ഓര്‍മക്കുറിപ്പ്

അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ദൈവതുല്യമായിരുന്ന ആശ്വാസം ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.'

Update: 2021-04-27 03:09 GMT
തിരുവനന്തപുരം: കൊവിഡ് തുടങ്ങിയ നാള്‍ മുതല്‍ സഹായവുമായി കൂടെയുണ്ടായിരുന്നയാള്‍ മരണപ്പെട്ടപ്പോള്‍ പോലീസുകാരന്‍ എഴുതിയ ഓര്‍മക്കുറിപ്പ് വൈറലാവുന്നു. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസിലെ പ്രവീണ്‍ രംഗസ്വാമി എന്ന പോലിസുകാരനാണ് ഇന്നലെ മരണപ്പെട്ട ഹസ്സന്‍ എന്ന ഹസ്സനിക്കയെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തുള്‍പ്പടെ പോലിസുകാര്‍ക്ക് സഹായവുമായി എത്തിയിരുന്ന ഹസ്സന്‍ കൊവിഡ് ബാധിച്ചാണ് മരണത്തിനു കീഴടങ്ങിയത്. പ്രവീണ്‍ രംഗസ്വാമിയുടെ കുറിപ്പിനു താഴെ മറ്റു പോലീസുകാരും ഹസ്സനെ കുറിച്ചുള്ള നല്ല ഓര്‍മകളും പ്രാര്‍ഥനകളുമായി കമന്റ് ചെയ്തിട്ടുണ്ട്.


പ്രവീണ്‍ രംഗസ്വാമിയുടെ എഫ്ബി കുറിപ്പ്


' ഈ ചിത്രത്തില്‍ നടുവില്‍ നില്‍ക്കുന്ന (ചുവന്ന തൊപ്പി വച്ച) വലിയമനസ്സാണ് ഹസ്സന്‍..ഒരിക്കലും ഞങ്ങള്‍ തിരുവനന്തപുരത്തെ പോലീസുകാര്‍ക്ക് മറക്കാനാവാത്ത മുഖം..ലോക്ക്ഡൗണ്‍ എന്ന കൊടും വറുതിയില്‍ ഞങ്ങള്‍ക്ക് തണലായി നിന്ന ആ മനുഷ്യന്‍ കോവിഡ് മഹാമാരിയുടെ രണ്ടാം വരവില്‍ അസുഖബാധിതനായി...ഇന്നലെ രാവിലെ ഈ ലോകത്തോട് വിടപറഞ്ഞു..


ഞങ്ങള്‍ പോലീസുകാരുടെ മക്കളെ പോലും വണ്ടികയറ്റി കൊല്ലുവാന്‍ ആഹ്വാനം ചെയ്യുന്ന ഈ സമൂഹത്തില്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു നിന്ന് കുടിവെള്ളവും ഭക്ഷണവും തന്നത് മാത്രമല്ല,ഏത് സമയത്തും അദ്ദേഹത്തെ വിളിച്ചാല്‍ ഓടിയെത്തും എന്ന ഉറപ്പും തന്നിരുന്ന ആ വലിയ മനസ്സിന് നിറകണ്ണുകളോടെ വിട.. പ്രണാമം.പകരം വയ്ക്കാന്‍ ഇല്ലാത്ത മനുഷ്വത്വത്തിന് ഉടമ.'


കൃഷ്ണ ലാല്‍ എന്ന മറ്റൊരു പോലിസുകാരന്‍ ഇതിന് ചെയ്ത കമന്റും ഹസ്സന്റെ നല്ല മനസ്സിനെ പ്രകീര്‍ത്തിച്ചുള്ളതാണ്.


' തിരിച്ച് ഒന്നും ലഭിക്കുകയില്ലെന്നറിഞ്ഞിട്ടും അദ്ദേഹം നമ്മളോട് കാണിച്ച സ്‌നേഹത്തിന് മുന്നില്‍ പൂര്‍ണ്ണമായും കടപ്പെട്ടിരിക്കുന്നു പൊരി വെയിലത്ത് ക്ഷീണിച്ച് നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ദൈവതുല്യമായിരുന്ന ആശ്വാസം ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.




Tags:    

Similar News