ജെഇഇ: പിതാവും മകനും പരീക്ഷാകേന്ദ്രത്തിലെത്താന്‍ സൈക്കില്‍ ചവിട്ടിയത് 100 കിലോമീറ്റര്‍
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ ഗൊസാബയിലെ സൗത്ത് 24 പര്‍ഗാനാസിലെ ഒരു പിതാവും മകനും ജെഇഇ പരീക്ഷാ കേന്ദ്രത്തിലെത്താന്‍ സൈക്കിള്‍ ചവിട്ടിയത് 100 കിലോമീറ്റര്‍. കൊല്‍ക്കൊത്തയിലെ സാള്‍ട്ട് ലേക്കിലെ പരീക്ഷാകേന്ദ്രത്തിലെത്താനാണ് തൊഴിലുകൊണ്ട് ആശാരിയായ രബീന്ദ്രനാഥ മണ്ഡലിനും മകന്‍ ദിഗന്ദയ്ക്കും ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടേണ്ടിവന്നത്. കൊവിഡിന്റെ ഭാഗമായി രാജ്യത്തെ പലയിടങ്ങളിലും വാഹനഗതാഗതം നിലച്ചതും രോഗം പിടികൂടുമോയെന്ന ഭീതിയുമാണ് ഇരുവരെയും ഇത്തരമൊരു സാഹസികകൃത്യത്തിന് പ്രേരിപ്പിച്ചത്.
ബുധനാഴ്ച വൈകീട്ട് 3 മണിക്കായിരുന്നു ജെഇഇ പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇരുവരും തലേന്നാള്‍ പുലര്‍ച്ചെ 5.30ന് സ്വന്തം ഗ്രാമമായ ബിജോയ്‌നഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പിയാലിയിലേക്ക് തിരിച്ചു. അവിടെ നിന്ന് ഒരു ചെറുവഞ്ചിയില്‍ നദി കുറുകെ കടന്നു. പിയാളിയില്‍ ഒരു രാത്രി കഴിച്ചുകൂട്ടി. അവിടെ നിന്ന് ബുധനാഴ്ച രാവിലെ 8 മണിക്ക് സോണാപൂരിലേക്ക് യാത്രയായി. 50 കിലോമീറ്ററുണ്ട് സോണാപൂരിലേക്ക്. മകന് പരീക്ഷയായതിനാല്‍ പിതാവാണ് ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടിയത്. സൈക്കില്‍ സോണാപൂരിലെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച് ഇരുവരും ബസ്സില്‍ സയന്‍സ് സിറ്റിയിലെ സെക്ടര്‍ 4ലെ സാള്‍ട്ട് ലെയ്ക്കിലെത്തി.
ബസ്സ് ആവശ്യത്തിന് ഇല്ലാത്തതും ഉള്ള ബസ്സുകള്‍ തന്നെ തിങ്ങിനിറഞ്ഞ് പോകുന്നതും കൊണ്ടാണ് സൈക്കിള്‍ തിരഞ്ഞെടുത്തതെന്ന് മണ്ഡല്‍ പറഞ്ഞു.
ഏറെ പഠിക്കണമെന്നാഗ്രഹിച്ചിരുന്ന രബീന്ദ്രനാഥ മണ്ഡലിന് സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് തുടര്‍ന്ന് പിഠിക്കാന്‍ കഴിഞ്ഞില്ല. തന്റെ മകന് ആ ബുദ്ധമുട്ടുണ്ടാവരുതെന്ന് കരുതിയാണ് സൈക്കിളില്‍ യാത്ര തിരിച്ചതെന്ന് പിതാവ് പറഞ്ഞു.
കൊവിഡ് കാലത്ത് ജെഇഇ പരീക്ഷ നടത്തരുതെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല. ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുമായി അതിന്റെ പേരില്‍ വലിയ സംഘര്‍ഷം തന്നെ നടന്നു. പലയിടങ്ങളിലും 75 ശതമാനത്തില്‍ താഴെയായിരുന്നു വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില.