തീവ്രവാദിയായി മുദ്രകുത്തപ്പെടുമെന്ന് ഭീതി; നിരോധനം പിന്‍വലിച്ചിട്ടും റമദാനില്‍ നോമ്പുപേക്ഷിച്ച് വൈഗൂര്‍ മുസ്‌ലിംകള്‍
ബെയ്ജിങ്: ചൈനയിലെ സിങ്ജിങില്‍ വൈഗൂര്‍ സ്വയംഭരണ പ്രദേശത്തെ മുസ്‌ലിംകള്‍ ഇത്തവണയും റമദാന്‍ വ്രതാനുഷ്ഠാനങ്ങളില്‍ നിന്ന് വിട്ടുനിന്നു. മൂന്ന് വര്‍ഷമായി റമദാന്‍ വ്രതത്തിന് ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഇത്തവണ എടുത്തുമാറ്റിയിട്ടുണ്ടെങ്കിലും നോമ്പ് നോക്കുന്നവരെ തീവ്രവാദികളായി മുദ്രകുത്തുമോയെന്ന ഭയത്തിലാണ് മതപരമായ ചടങ്ങുകളില്‍ നിന്ന് മാറിനല്‍ക്കുന്നത്. തീവ്രവാദിയെന്ന് മുദ്രകുത്തപ്പെടുന്നവര്‍ ജയിലിലായേക്കുമെന്ന ഭീതിയും വ്യാപകമാണ്.
വൈഗൂറിലെ മുസ്‌ലിംകളിലെയും മറ്റ് പ്രദേശങ്ങളിലെ തുര്‍ക്കി വംശജരായ മുസ്‌ലിംകളിലെയും സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും മറ്റ് ഉദ്യോഗസ്ഥരും റമദാന്‍ നോമ്പുനോക്കുന്നത് ചൈനീസ് ഭരണകൂടം നിരോധിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് റെഡിയോ ഫ്രീ ഏഷ്യയില്‍ ഷോഹ്‌റട്ട് ഹൊസൂര്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ചില പ്രദേശങ്ങളില്‍ മോസ്‌കുകളിലേക്കുള്ള പാത കൊട്ടിയടച്ചും കടുത്ത പരിശോധന നടത്തിയുമാണ് വിശ്വാസികളെ തടുത്തുനിര്‍ത്തുന്നത്. മാത്രമല്ല, പ്രദേശങ്ങളിലെ റെസ്‌റ്റോറന്റുകള്‍ നോമ്പ് സമയങ്ങളില്‍ തുറന്നുവയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്. വൈഗൂര്‍ മുസ്‌ലിംകളിലെ മുതിര്‍ന്നവരോട് നോമ്പ് നോക്കുകയില്ലെന്ന് പ്രതിജ്ഞ ചെയ്യാനും മറ്റുള്ളവരെ നോമ്പ് നോക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനും ആവശ്യപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23 മുതല്‍ മെയ് 23 വരെയുള്ള റമദാന്‍ മാസത്തില്‍ ചൈനീസ് അധികൃതര്‍ 83 ശതമാനം മുസ് ലിംകളുള്ള വൈഗൂറില്‍ നോമ്പ് നോല്‍ക്കുന്ന തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടെത്താനും പിന്തിരിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
നോമ്പെടുക്കുന്ന മുസ് ലിംകള്‍ക്ക് കടുത്ത ശിക്ഷവിധിക്കുന്ന നിരവധി സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലരെയും 1.8 ദശലക്ഷം വൈഗൂര്‍ മുസ് ലിംകളെ തടവിലിട്ടിട്ടുള്ള സുവാറിലെ ജയിലുകളിലേക്ക് അയക്കുന്നതായും ഹൊസൂറിന്റെ റിപോര്‍ട്ടില്‍ പറയുന്നു.
നോമ്പ് മുറിക്കുന്ന സമയങ്ങളില്‍ പ്രദേശവാസികളെ വിളിച്ചുചേര്‍ത്ത് പാര്‍ട്ടിക്ലാസുകളും ദേശീയപതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തിയും വ്രതാനുഷ്ഠാനങ്ങളില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുന്നതാണ് മറ്റൊരു തന്ത്രം.
ഏപ്രില്‍ 12-മെയ് 12 വരെയാണ് ഇത്തവണ റമദാന്‍ വ്രതം ആരംഭിക്കുന്നത്. ഇത്തവണ എന്തൊക്കെ നടപടിക്രമങ്ങളാണ് ഏര്‍പ്പെടുത്തിയതെന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല.
അതേസമയം, ഇത്തവണ റമദാന്‍ നോമ്പെടുക്കുന്നതിന് വിലക്കുകളില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി റമദാന്‍ അനുഷ്ഠാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. റമദാനുമായി ബന്ധപ്പെട്ട യോഗങ്ങള്‍ തന്റെ പോലിസ് സ്‌റ്റേഷനില്‍ നടക്കാറുണ്ടെന്നും മതപരമായ തീവ്രവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും പാര്‍ട്ടിയിലും സര്‍ക്കാരിലും വിശ്വാസമര്‍പ്പിക്കാനും ആ യോഗത്തില്‍ പങ്കെടുക്കുന്നവരെ ഉപദേശിക്കാറുണ്ടെന്നും ഒരു പോലിസുകാരനെ ഉദ്ധരിച്ച് ഹൊസൂര്‍എഴുതുന്നു.