'പടക്കം പൊട്ടിക്കുന്നത് ഹൈന്ദവ ആചാരമല്ല'; 'ഹിന്ദുത്വത്തിന്റെ സ്വയം പ്രഖ്യാപിത രക്ഷാധികാരികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്': ഉറച്ച അഭിപ്രായവുമായി വനിതാ ഐപിഎസ് ഓഫിസര്‍

'പുരാതന കാലത്തും വേദകാലത്തും പടക്കങ്ങള്‍ ഉണ്ടായിരുന്നില്ല. നമ്മുടെ വേദങ്ങളിലും ഇതിഹാസങ്ങളിലും ഇതിനെക്കുറിച്ച് പരാമര്‍ശങ്ങളില്ല. ഇത് യൂറോപ്യന്മാര്‍ക്കൊപ്പം ഇവിടെയെത്തിയതാണ്.

Update: 2020-11-18 12:01 GMT

ബംഗളൂരു: ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിരോധനങ്ങളെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് വനിതാ ഐപിഎസ് ഓഫീസര്‍. ബംഗളൂരു റെയില്‍വെ ഐജി രൂപ മൗദ്ഗിലിയാണ് കൊവിഡിന്റെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തയ വിലക്കുകള്‍ ലംഘിച്ചതിനെതിരേ എഫ്ബിയില്‍ എഴുതിയത്. അതോടെ രൂപ മൗദ്ഗിലിക്ക് എതിരെ വിമര്‍ശനങ്ങളും ശക്തമായി.

ദീപാവലിക്ക് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നത് ഹൈന്ദവ ആചാരമല്ലെന്നും പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ അതിനെക്കുറിച്ച് പറഞ്ഞിട്ടില്ലന്നുമായിരുന്നു രൂപ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. കൊവിഡിന്റെ സാഹചര്യത്തില്‍ പടക്കം പൊട്ടിക്കുന്നത് ഉള്‍പ്പടെ ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും അതെങ്കിലും പാലിക്കാന്‍ ആരും തയ്യാറായില്ലെന്ന് രൂപ മൗദ്ഗിലി വിമര്‍ശിച്ചിരുന്നു. ബംഗളൂരുവില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ടായിരുന്നുവെങ്കിലും അത് ലംഘിച്ച് പലരും ആഘോഷങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് രൂപയുടെ കുറിപ്പ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷത്തേക്ക് മാത്രമല്ലേ വിലക്കെന്നും അവര്‍ ചോദിച്ചു. 'ഇത് ഹൈന്ദവരോട് ചെയ്യുന്ന അനീതിയെന്ന് വിളിച്ചു പറയുന്നവരോട്, ഹിന്ദുത്വത്തിന്റെ സ്വയം പ്രഖ്യാപിത രക്ഷാധികാരികള്‍ മറ്റു ഹിന്ദുക്കളെ കൂടി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത് എന്നും അവര്‍ പറഞ്ഞിരുന്നു. 'പുരാതന കാലത്തും വേദകാലത്തും പടക്കങ്ങള്‍ ഉണ്ടായിരുന്നില്ല. നമ്മുടെ വേദങ്ങളിലും ഇതിഹാസങ്ങളിലും ഇതിനെക്കുറിച്ച് പരാമര്‍ശങ്ങളില്ല. ഇത് യൂറോപ്യന്മാര്‍ക്കൊപ്പം ഇവിടെയെത്തിയതാണ്. ഇതൊരു അനുഷ്ഠാനമോ ഹിന്ദുത്വവും ആയി ബന്ധപ്പെട്ട ആചാരമോ അല്ല. പടക്കവും ഹൈന്ദവികതയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ദീപാവലി പടക്കങ്ങളില്ലാതെ വെളിച്ചത്തിന്റെ ആഘോഷമാണ്.. എന്നും ഐജി പറഞ്ഞിരുന്നു.

Tags:    

Similar News