കാന്‍ഡി: ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 43 റണ്‍സിന് വീഴ്ത്തി വിജയത്തുടക്കമിട്ട് ഇന്ത്യ. പുതിയ ക്യാപ്റ്റന്‍ സൂര്യകുമാറിനും കോച്ച് ഗൗതം ഗംഭീറിനും കീഴില്‍ ആദ്യമായിറങ്ങിയ ജയം കൈവരിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിനുമുന്നില്‍ പതറാതെ പൊരുതിയ ലങ്ക തുടക്കത്തില്‍ അടിച്ചു തകര്‍ത്തെങ്കിലും 19.2 ഓവറില്‍ 170 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. 48 പന്തില്‍ 79 റണ്‍സടിച്ച പാതും നിസങ്കയുടെയും 45 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്റെയും ഓപ്പണിംഗ് കൂട്ടുകെട്ട് കണ്ട് ഇന്ത്യ ആദ്യം വിറച്ചെങ്കിലും പിന്നീട് 20 റണ്‍സെടുത്ത കുശാല്‍ പെരേര മാത്രമെ ലങ്കക്കായി പൊരുതിയുള്ളു. ഇന്ത്യക്കായി റിയാന്‍ പരാഗ് അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേലും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതമെടുത്തു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇതേ ഗ്രൗണ്ടില്‍ നടക്കും. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 213-7, ശ്രീലങ്ക 19.2 ഓവറില്‍ 170ന് ഓള്‍ ഔട്ട്.
ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ പതറാതെ ലങ്കക്കായി ഓപ്പണര്‍ പാതും നിസങ്കയും കുശാല്‍ മെന്‍ഡിസും തകര്‍ത്തടിച്ചു. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 55 റണ്‍സടിച്ചു. പവര്‍ പ്ലേ പിന്നിട്ടശേഷവും അടിതുടര്‍ന്ന ഇരുവരും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ഒമ്പതാം ഓവറില്‍ കുശാല്‍ മെന്‍ഡിസിനെ(27 പന്തില്‍ 45) വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ നിസങ്ക-മെന്‍ഡിസ് സഖ്യം 8.4 ഓവറില്‍ 84 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. പതിനൊന്നാം ഓവറില്‍ 100 പിന്നിട്ട ലങ്കക്കായി നിസങ്ക 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. 14 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സിലെത്തി ലങ്ക ജയം അടിച്ചെടുക്കുമെന്ന് കരുതിയെങ്കിലും നിസങ്കയെ(48 പന്തില്‍ 79) വീഴ്ത്തിയ അക്‌സര്‍ പട്ടേലാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
അതേ ഓവറില്‍ കുശാല്‍ പെരേരയെ(14 പന്തില്‍ 20) അക്‌സര്‍ വീഴ്ത്തിയതോടെ ലങ്കയുടെ പിടി അയഞ്ഞു. ക്യാച്ചുകള്‍ കൈവിട്ട് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ലങ്കയെ സഹായിച്ചെങ്കിലും അസലങ്കയെ(0) ബിഷ്‌ണോയി വീഴ്ത്തിയതിന് പിന്നാലെ ദസുന്‍ ഷനക(0) റണ്ണൗട്ടായത് ലങ്കക്ക് തിരിച്ചടിയായി. പിന്നാലെ കാമിന്ദു മെന്‍ഡിസിനെ റിയാന്‍ പരാഗ് ബൗള്‍ഡാക്കി. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും മഹീഷ് തീക്ഷണയെയും ദില്‍ഷന്‍ മധുശങ്കയെയും കൂടി പുറത്താക്കി പരാഗ് 1.2 ഓവറില്‍ അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ അക്‌സര്‍ 38 റണ്‍സിനും അര്‍ഷ്ദീപ് 24 റണ്‍സിനും രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. 26 പന്തില്‍ 58 റണ്‍സെടുത്ത സൂര്യകുമാര്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശസ്വി ജയ്‌സ്വാള്‍ 21 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്‍ 16 പന്തില്‍ 34ഉം റിഷഭ് പന്ത് 32 പന്തില്‍ 49ഉം റണ്‍സെടുത്തു. ശ്രീലങ്കക്കായി പതിരാന നാലു വിക്കറ്റെടുത്തു.