ജെല്ലി ഫിഷ് കണ്ണിൽ തെറിച്ചു; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

Update: 2024-07-03 06:14 GMT

പൂവാര്‍(തിരുവനന്തപുരം): മത്സ്യബന്ധനത്തിനിടെ ജെല്ലി ഫിഷ് (കടല്‍ചൊറി) കണ്ണിലിടിച്ചുണ്ടായ അസ്വസ്ഥതയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. കരുംകുളം പള്ളം അരത്തന്‍തൈ പുരയിടത്തില്‍ പ്രവീസ് (57) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ മീന്‍പിടിക്കുന്നതിനിടെ ജെല്ലി ഫിഷ് കണ്ണിലും മുഖത്തും പറ്റിയതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ആദ്യം ചൊറിച്ചില്‍ അനുഭവപ്പെടുകയും തുടര്‍ന്ന് കണ്ണില്‍ നീരു പടര്‍ന്ന് വീര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും അസ്വസ്ഥത കൂടി.

അവിടെ നിന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും എത്തിച്ചു. അവിടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു. ജെല്ലി ഫിഷ് കണ്ണില്‍ ഇടിച്ചുണ്ടായ അസ്വസ്ഥതയാണ് മരണകാരണമായി ബന്ധുക്കള്‍ പറയുന്നുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാവൂവെന്ന് കാഞ്ഞിരംകുളം പോലിസ് പറഞ്ഞു. ഭാര്യ: ജയിന്‍ശാന്തി. മക്കള്‍: രാഖി, രാജി, ദിലീപ്. മരുമക്കള്‍: ഷിബു, ജോണി, ഗ്രീഷ്മ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Tags:    

Similar News