
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും അഞ്ച് മരണം. വ്യോമ, റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഉദംപൂര്‍ ജില്ലയില്‍ മോംഗ്രി പ്രദേശത്ത് മോട്ടോര്‍ സൈക്കിളില്‍ ഉരുളന്‍ കല്ലുകള്‍ വന്നിടിച്ച് രണ്ടു പേര്‍ മരിച്ചു. റിയാസി ജില്ലയിലെ മഹോര്‍ പ്രദേശത്ത്, ചസ്സാനയിലെ തുലി പ്രദേശത്തെ സങ്കൂര്‍ നല്ലയിലാണ് മറ്റൊരു മരണം. മദാന പ്രദേശത്ത് സിആര്‍പിഎഫ് വാടകയ്ക്കെടുത്ത ഒരു സ്‌കോര്‍പിയോ വാഹനം പാറക്കെട്ടില്‍ ഇടിക്കുകയും ഡ്രൈവര്‍ മരിക്കുകയും ചെയ്തു.
ഫെബ്രുവരി 25 മുതല്‍ ജമ്മു കശ്മീരില്‍ തുടര്‍ച്ചയായ മഴയും മഞ്ഞും അനുഭവപ്പെടുകയാണ്. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ഗുരേസ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ്.
മഞ്ഞുവീഴ്ച നിരവധി പര്‍വതപ്രദേശങ്ങളില്‍ ഹിമപാത സാധ്യത വര്‍ദ്ധിപ്പിച്ചതിനാല്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ പ്രഭാത വിമാന സര്‍വീസുകളും വൈകി. മഴ കാരണം ട്രെയിന്‍ സര്‍വീസുകളും ഭാഗികമായി തടസ്സപ്പെട്ടു.