കൊട്ടാരക്കരയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ: അങ്കണവാടി വര്‍ക്കര്‍ക്കും സഹായിക്കും സസ്‌പെന്‍ഷന്‍
കൊല്ലം: കൊട്ടാരക്കരയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കര്‍, സഹായി എന്നിവരെ സസ്‌പെന്റ് ചെയ്തു. കൊട്ടാരക്കര കല്ലുവാതുക്കല്‍ അങ്കണവാടിയിലെ വര്‍ക്കര്‍ ഉഷാകുമാരി, സഹായി സജ്‌ന ബീവി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസറുടേതാണ് നടപടി. പ്രാഥമികാന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
നഗരസഭയിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് സാധ്യതയുണ്ട്. കല്ലുവാതുക്കല്‍ അങ്കണവാടിയിലെ 10 കുട്ടികള്‍ക്കാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറിളക്കവുമുണ്ടായതോടെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ അങ്കണവാടിയില്‍ നടത്തിയ പരിശോധനയില്‍ പുഴുവരിച്ച അരി കണ്ടെത്തി. അങ്കണവാടിയിലെ ഭക്ഷണത്തിന്റെ സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ശേഖരിച്ചിട്ടുണ്ട്. അത് പരിശോധന നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തും. വിഷയത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് അങ്കണവാടി സന്ദര്‍ശിച്ച മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.