സേതുമട- ടോപ്പ് സ്ലിപ്പ് റോഡില്‍ വന്യമൃഗ സാന്നിധ്യം; ജാഗ്രതാ നിര്‍ദേശവുമായി വനംവകുപ്പ്
കോയമ്പത്തൂര്‍: ആനമല കടുവാ സങ്കേതത്തിലെ (എടിആര്‍) സേതുമടയില്‍ നിന്ന് ടോപ്പ് സ്ലിപ്പിലേക്ക് പോവുന്ന റോഡില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ കരുതലോടെയിരിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സേതുമട- ടോപ്പ് സ്ലിപ്പ് റോഡില്‍ കാട്ടാന, കാട്ടുപോത്ത്, മാന്‍, കരടി, പുള്ളിപ്പുലി തുടങ്ങിയ വന്യജീവികള്‍ വിഹരിക്കുന്നത് സര്‍വസാധാരണമായിരിക്കുകയാണ്. ഇവ റോഡ് മുറിച്ചുകടക്കാന്‍ സാധ്യതയുണ്ട്. ഇവിടേക്കുവരുന്ന യാത്രക്കാരും വിനോദസഞ്ചാരികളും അമിതവേഗതയില്‍ വാഹനമോടിക്കുന്നതും വന്യജീവികളെ പ്രകോപിപ്പിക്കുന്നതും ഒഴിവാക്കണം.
മൃഗങ്ങള്‍ വാഹനങ്ങളില്‍ ഇടിക്കാതിരിക്കാനും അവയുടെ സുരക്ഷയ്ക്കും സന്ദര്‍ശകര്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് എടിആറിലെ ഉളണ്ടി ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എ കാസിലിംഗം പറഞ്ഞു. സേതുമടയിലെ വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍ നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ ഘാട്ട് സെക്ഷനില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതും അമിതവേഗതയില്‍ വാഹനമോടിക്കുന്നതും ഫോട്ടോയെടുക്കാന്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങുന്നതും ഒഴിവാക്കാന്‍ സന്ദര്‍ശകരോട് നിര്‍ദേശിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോഴിക്കാമുത്തി, വരഗാളിയാര്‍ എന്നീ രണ്ട് ആനത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന ടിപ്പ് സ്ലിപ്പിലേക്ക് സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചതായി അവര്‍ പറഞ്ഞു. മലയോരത്തെ വനംവകുപ്പിന്റെ കോട്ടേജുകളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതായിരുന്നു. അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ ഘാട്ട് സെക്ഷനില്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങുകയോ മൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുകയോ ചെയ്യരുത്. നിയമലംഘകര്‍ക്ക് പിഴ ചുമത്തുമെന്നും റേഞ്ച് ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.