ഹിമാചലില്‍ ബിജെപിക്ക് തിരിച്ചടി;പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാജ്യത്തെ വികസനത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസ് ആണെന്നും,രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്നും ഖിമി റാം പറഞ്ഞു

Update: 2022-07-12 10:34 GMT

ന്യൂഡല്‍ഹി:ഹിമാചല്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായി പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ ഖിമി റാം കോണ്‍ഗ്രസില്‍ ചേര്‍ന്നു.കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രാജീവ് ശുക്ലയുടെ സാന്നിധ്യത്തിലാണ് ഖിമി പാര്‍ട്ടിയില്‍ ചേര്‍ന്നത്.എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി പ്രവേശനം ഖിമി റാം പ്രഖ്യാപിച്ചു.

നേരത്തേ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഇദ്ദേഹം.ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് രണ്ട് തവണ എംഎല്‍എയായിരുന്ന ഖിമി എഐസിസി ആസ്ഥാനത്ത് എത്തിയാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.അഴിമതി, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി സംസ്ഥാനത്തു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനാകുമെന്നാണ് തന്റെ പ്രതിക്ഷയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഖിമി വ്യക്തമാക്കി.'ബിജപിയോട് ഏതെങ്കിലും തരത്തിലുള്ള ദേഷ്യം കാരണമല്ല ഞാന്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഹിമാചല്‍ പ്രദേശിനെ മുന്നോട്ടു നയിക്കാന്‍ കോണ്‍ഗ്രസിനു സാധിക്കുമെന്ന ഗഹനമായ ചിന്തയ്ക്കു ശേഷമാണു തീരുമാനം'ഖിമി റാം പറഞ്ഞു.

രാജ്യത്തെ വികസനത്തിലേക്ക് നയിച്ചത് കോണ്‍ഗ്രസ് ആണെന്നും,രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്നും ഖിമി റാം പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഖിമി റാമിന്റെ കോണ്‍ഗ്രസ് പ്രവേശനം കോണ്‍ഗ്രസിന് ചെറിയൊരു ആശ്വാസമാണ്.

Tags:    

Similar News