ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തിക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു
ശ്രീനഗര്‍: മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കശ്മീര്‍ സിഐഡി വിഭാഗത്തിന്റെ റിപോര്‍ട്ടിനെത്തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് നിഷേധിച്ചതെന്ന് മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെത്തടര്‍ന്ന് മെഹബൂബ മുഫ്ത്തിയെ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം തടവില്‍ പാര്‍പ്പിച്ചിരുന്നു. മാത്രമല്ല, അവര്‍ക്കെതിരേ കളളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു കേസും ചുമത്തിയിട്ടുണ്ട്.
'ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടി സിഐഡി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് നല്‍കാന്‍ പാസ്‌പോര്‍ട്ട് ഓഫിസ് വിസമ്മതിച്ചു. മുന്‍ മുഖ്യമന്ത്രി പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്നത് രാഷ്ട്രത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ആരോപിക്കുന്നിടത്തോളം കശ്മീരില്‍ ആഗസ്റ്റ് 2019നു ശേഷം കാര്യങ്ങള്‍ മാറിയിരിക്കുന്നു''- മുഫ്തി ട്വീറ്റ് ചെയ്തു.
ട്വീറ്റിനൊപ്പം മുഫ്തി പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്നുള്ള കത്തും ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് പാസ്‌പോര്‍ട്ടിനുവേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ പോലിസില്‍ നിന്ന് ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനെ തുടര്‍ന്ന് അപേക്ഷ നിരസിക്കുകയായിരുന്നു.
ഭരണഘടന അനുവദിച്ച കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് ഉത്തരവ് പുറപ്പെടുവിച്ച 2019 ആഗസ്റ്റ് ഒന്നിനുതന്നെ ജമ്മു കശ്മീരിലെ നൂറുകണക്കിന് രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം മെഹബൂബ മുഫ്തിയെയും കേന്ദ്രസര്‍ക്കാര്‍ തടങ്കലില്‍ പാര്‍പ്പിച്ചു.