ലൈംഗിക പീഡന കേസില്‍ പിസി ജോര്‍ജ് അറസ്റ്റില്‍

തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്

Update: 2022-07-02 09:52 GMT

തിരുവനന്തപുരം: ലൈംഗീക പീഡന പരാതിയില്‍ പി സി ജോര്‍ജ് അറസ്റ്റില്‍. മ്യൂസിയം പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയിലാണ് അറസ്റ്റ്. സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തൈക്കാട് ഗസ്റ്റ് ഹൗസിലെ 404 നമ്പര്‍ മുറിയില്‍ വച്ച് ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. അറ്‌സറ്റ് രേഖപ്പെടുത്തിയ ശേഷം പോലിസ് പിസി ജോര്‍ജ്ജിനെ കൊണ്ടുപോയി. ഇന്ന് വൈകീട്ട് അഞ്ചിന് മുന്‍പ് പിസിയെ കോടതിയില്‍ ഹാജരാക്കാനാണ് സാധ്യത.

354,354എ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പീഡനശ്രമം, ഫോണില്‍ അശ്ലീല സന്ദേശമയച്ചു, ലൈംഗിക താത്പര്യത്തോടുകൂടി കടന്ന് പിടിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. 2022 ഫെബ്രുവരി 10ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയില്‍ പറയുന്നു.

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായിരുന്നു പിസി ജോര്‍ജിനെ വിളിച്ചു വരുത്തിയത്. ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലിസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് ഹാജരാകാമെന്ന് പിസി മറുപടി നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പി സി ജോര്‍ജും സ്വപ്‌ന സുരേഷുമാണ് കേസിലെ പ്രതികള്‍.

അതേസമയം, പോലിസ് നാടകീയമായി പിസി ജോര്‍ജ്ജിനെ വിളിച്ച് വരുത്തി പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. സോളാര്‍ കേസ് പ്രതി രാവിലെ മ്യൂസിയം പോലിസില്‍ ഒരു പരാതി നല്‍കിയിട്ടുണ്ടെന്നും അത് പീഡന പരാതിയാണെന്നും പോലിസ് അറിയിക്കുകയായിരുന്നു. 

Tags:    

Similar News