ബര്‍ഖ ദത്തിനെതിരായ സൈബര്‍ ആക്രമണം; നാലു പേര്‍ അറസ്റ്റില്‍

മൂന്നു പേരെ ഡല്‍ഹിയില്‍നിന്നും ഒരാളെ ഗുജറാത്തിലെ സൂറത്തില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാജീവ് ശര്‍മ്മ (23), ഹേംരാജ് കുമാര്‍ (31), ആദിത്യ കുമാര്‍ (34), ഷബ്ബിര്‍ ഗുര്‍ഫാന്‍ പിഞ്ചാരി (45) എന്നിവരാണ് അറസ്റ്റിലായത്.

Update: 2019-03-20 14:06 GMT

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തിനെതിരേ നടന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നാലു പേരെ ഡല്‍ഹി പോലിസിന്റെ സൈബര്‍ ക്രൈം സെല്‍ അറസ്റ്റ് ചെയ്തു. മൂന്നു പേരെ ഡല്‍ഹിയില്‍നിന്നും ഒരാളെ ഗുജറാത്തിലെ സൂറത്തില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാജീവ് ശര്‍മ്മ (23), ഹേംരാജ് കുമാര്‍ (31), ആദിത്യ കുമാര്‍ (34), ഷബ്ബിര്‍ ഗുര്‍ഫാന്‍ പിഞ്ചാരി (45) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 21ന് ബര്‍ഖ ദത്ത് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

തനിക്ക് നിരവധി ഭീഷണി ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്നും സാമൂഹിക മധ്യമങ്ങളിലൂടെ മോശമായ ചിത്രങ്ങളും അധിക്ഷേപങ്ങളും അയക്കുന്നുണ്ടെന്നുമുള്ള ബര്‍ഖ ദത്തിന്റെ പരാതിയിലാണ് നടപടി.ചിലര്‍ തന്റെ ഫോണ്‍ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തെന്നും ബര്‍ഖ ദത്ത് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബര്‍ഖയ്ക്ക് അശ്ലീല ചിത്രം അയച്ച പിഞ്ചാരിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബാക്കി മൂന്നു പേര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നേരിടുന്ന കശ്മീരികളെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റു സംഘപരിവാര സംഘങ്ങള്‍ ബര്‍ഖ ദത്തിനെതിരേ ആക്രമണം അഴിച്ചുവിട്ടത്.

സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ വനിതാ കമ്മീഷന്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ അമൂല്യ പട്‌നായികിന് നിര്‍ദേശം നല്‍കിയിരുന്നു. ഫോണ്‍ നമ്പര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഇതയച്ചവരുടെ ഫോണ്‍ നമ്പരുകളും ബര്‍ഖ ദത്ത് ട്വീറ്റ് ചെയ്തിരുന്നു.

Tags:    

Similar News