ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷം: ചൈനീസ് അതിര്‍ത്തി വ്യാപനനീക്കത്തിന്റെ ഭാഗമെന്ന ഇന്ത്യന്‍ വാദം അംഗീകരിച്ച് അമേരിക്കന്‍ പത്രം
വാഷിങ്ടണ്‍: 20 ഇന്ത്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയതും ഗല്‍വാന്‍ പ്രദേശത്ത് പിക്കറ്റ് 14നില്‍ അസ്വസ്ഥത സൃഷ്ടിച്ചതിനും പിന്നില്‍ ചൈനയുടെ അതിര്‍ത്തി വ്യാപനവാദമാണെന്ന് അമേരിക്കന്‍ പത്രം. ഈ ശൈലി ചൈന, തെക്കേഷ്യയിലെ വിവിധ രാജ്യങ്ങളോട് പയറ്റുന്നുണ്ടെന്നും യുഎസ് ന്യൂസ് വേള്‍ഡ് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി ചൈനീസ് രേഖകള്‍ പരിശോധിച്ചാണ് ഈ റിപോര്‍ട്ട് തയ്യാറാക്കിയത്.
അതിര്‍ത്തിയിലെ സംഘര്‍ഷവും പ്രവര്‍ത്തികളും അതിര്‍ത്തിവ്യാപനത്തിന്റെ ഭാഗമാണെന്ന ഇന്ത്യന്‍ വാദങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് യുഎസ് ന്യൂസിലെ ദേശീയ സുരക്ഷാ കാര്യങ്ങളില്‍ വിദഗ്ധനായ പോള്‍ ഡി സിന്‍ക്മാന്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. ലഡാക്കിലെ ഏറ്റുമുട്ടലുകള്‍ അതിന്റെ ഭാഗമാണെന്നും റിപോര്‍ട്ടിലുണ്ട്. വിവിധ രാജ്യങ്ങളുടെ പരമാധികാരത്തില്‍ കടന്നുകയറ്റം നടക്കുന്ന രീതിയാണ് ബീജിങിന്റേതെന്നും പത്രം കുറ്റപ്പെടുത്തുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈന ലോകത്ത് പ്രത്യേകിച്ച് ഭൗമരാഷ്ട്രീയത്തില്‍ നേട്ടം കൊയ്‌തേക്കുമെന്ന ഭീതിയ്ക്കിടയിലാണ് റിപോര്‍ട്ട് പുറത്തുവരുന്നത്. ബീജിങ് സൗത്ത് ചൈന കടലിലും ഹോങ്കോങിലും സ്വാധീനം വര്‍ധിപ്പിക്കുമോ എന്ന ഭീതിയും അമേരിക്കന്‍ ഭരണകൂടത്തിനുണ്ട്. ഇത്തരം നീക്കങ്ങള്‍ അമേരിക്കന്‍ ഭരണകൂടം വിട്ടുകളയുകയില്ലെന്ന സൂചനയും ട്രംപ് നല്‍കിയിരുന്നു.
ജൂണ്‍ 15നാണ് 20 ഓളം സൈനികരെ ചൈനീസ് പട്ടാളം സംഘര്‍ഷത്തിലൂടെ കൊലപ്പെടുത്തിയത്. ഈ സംഘര്‍ഷത്തില്‍ 35 ചൈനക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ റിപോര്‍ട്ടിലുണ്ട്.