പോലിസിന് നേരെ പെട്രോള്‍ ബോംബേറ്; നെയ്യാര്‍ ഡാമില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ പോലിസിന് പരിക്ക്

Update: 2021-07-16 04:43 GMT

തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ കഞ്ചാവ് മാഫിയയുടെ പെട്രോള്‍ ബോംബേറില്‍ പോലിസിന് പരിക്ക്. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം. നെയ്യാര്‍ ഡാം സ്‌റ്റേഷനിലെ സിപിഓ ടിനോ ജോസഫിനാണ് പരിക്കേറ്റത്. പെട്രോളിങ്ങിനെത്തിയ പോലിസിനെയാണ് കഞ്ചാവ് മാഫിയ അക്രമിച്ചത്.

പ്രദേശത്ത് കഞ്ചാവ് മാഫിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പോലിസിന് നേരെ തിരിഞ്ഞത്. അക്രമികള്‍ പോലിസ് ജീപ്പ് നേരെ പെട്രോള്‍ ബോബെറിഞ്ഞു. ഈ ആക്രമത്തിലാണ് പോലിസിന് പരിക്കേറ്റത്. ബോംബേറിന് ശേഷം അക്രമിസംഘം ജീപ്പ് അടിച്ച് തകര്‍ത്തു.

സമീപത്തെ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തി. വീടുകളുടെ ജനാലകള്‍, വാഹനങ്ങള്‍ എന്നിവ അക്രമികള്‍ തകര്‍ത്തു. പോലിസിന് വിവരം ചോര്‍ത്തി നല്‍കി എന്നാരോപിച്ചാണ് പ്രദേശവാസികള്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. കഞ്ചാവ് മാഫിയയുടെ അക്രമം തുടങ്ങിയതോടെ പ്രദേശവാസികള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. കൃത്യത്തിന് ശേഷം അക്രമികള്‍ വനത്തിലേക്ക് കടന്നതായി പോലിസ് കരുതുന്നു.

സ്ഥലം വന്‍ പോലിസ് സംഘം കാംപ് ചെയ്യുന്നു.

Tags:    

Similar News