വെയിലേല്‍ക്കാന്‍ ഡമ്മിയെ വച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗൗതം ഗംഭീര്‍

കൊടുംവെയിലില്‍ കാറിന് മുകളില്‍ ഒരു ഗംഭീര്‍ കൈവീശുന്നു. കാറിനുള്ളില്‍ എസിയുമിട്ട് മറ്റൊരു ഗംഭീര്‍ സുഖമായിരിക്കുന്നു ഈ ചിത്രം ആംആദ്മി പാര്‍ട്ടിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ജനങ്ങളെ അഭിമുഖീകരിക്കാതെ ജനങ്ങളെ കബളിപ്പിക്കുന്നു എന്ന കാപ്ഷനോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്.

Update: 2019-05-10 12:35 GMT

ന്യൂഡല്‍ഹി: പൊരിവെയിലത്തുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അപരനെ വച്ച് കുരുക്കിലായിരിക്കുകയാണ് ഡല്‍ഹി ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീര്‍. ഇന്ന് മണ്ഡലത്തില്‍ നടന്ന വാഹന റാലിയിലെ ചിത്രം പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഗൗതമിനെതിരേ വിമര്‍ശനം. കൊടുംവെയിലില്‍ കാറിന് മുകളില്‍ ഒരു ഗംഭീര്‍ കൈവീശുന്നു. കാറിനുള്ളില്‍ എസിയുമിട്ട് മറ്റൊരു ഗംഭീര്‍ സുഖമായിരിക്കുന്നു ഈ ചിത്രം ആംആദ്മി പാര്‍ട്ടിയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ജനങ്ങളെ അഭിമുഖീകരിക്കാതെ ജനങ്ങളെ കബളിപ്പിക്കുന്നു എന്ന കാപ്ഷനോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്.

അതേസമയം, ചിത്രത്തോട് ഗംഭീര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഗൗതം ഗംഭീര്‍ കാറിലുള്ള കാര്യം ജനങ്ങള്‍ക്ക് അറിയാമെന്നും അതിനാലാണ് അവര്‍ ഫോട്ടൊയെടുക്കുന്നതെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ട്വിറ്ററില്‍ വാദിക്കുന്നത്.

രണ്ട് തിരിച്ചറിയല്‍ രേഖകള്‍ കൈവശമുണ്ടെന്ന വിവാദത്തില്‍ കുരുങ്ങിയ ഗൗതം ഗംഭീറിനെതിരേ കഴിഞ്ഞദിവസം ഗുരുതരമായ മറ്റൊരു വിവാദവും ഉണ്ടായിട്ടുണ്ട്. മണ്ഡലത്തിലെ എഎപി സ്ഥാനാര്‍ഥി അതിഷിക്കെതിരെ മോശം പരാമര്‍ശം ഉള്‍പ്പെടുത്തിയുള്ള ലഘുലേഖ വിതരണം ചെയ്തതതായിരുന്നു അത്. ഇക്കാര്യം വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിനിടെ അതിഷി പലതവണ പൊട്ടിക്കരയുകയും ചെയ്തിരുന്നു. ബീഫ് തിന്നുന്ന അഭിസാരികയെന്നാണ് അതിഷിയെ ലഘുലേഖയില്‍ വിശേഷിപ്പിച്ചത്. ജാട്ട് പഞ്ചാബി മാതാപിതാക്കളുടെ മകളായ അതിഷി സങ്കരയിനമാണെന്നും അവര്‍ വിവാഹം ചെയ്തത് ആന്ധ്ര സ്വദേശിയായ ക്രിസ്ത്യാനിയെ ആണെന്നും ലഘുലേഖയില്‍ പറയുന്നു.

എഎപി നേതാവ് മനീഷ് സിസോദിയയെയും അതിഷിയെയും ചേര്‍ത്തും മോശം പരാമര്‍ശങ്ങളുമുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം അതിഷിയെ സംരക്ഷിക്കുന്നത് സിസോദിയയാണെന്നും അതിഷിയെപ്പോലുള്ള ഒരാള്‍ക്ക് വിലയേറിയ വോട്ടുകള്‍ നല്‍കണമെന്നോ എന്നും ലഘുലേഖയില്‍ ചോദിക്കുന്നു. 37കാരനായ ഗംഭീര്‍ കഴിഞ്ഞ മാസം 12നാണ് ബിജെപിയില്‍ ചേര്‍ന്നത്. വൈകാതെ ബിജെപി ഈസ്റ്റ് ദില്ലിയില്‍ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു.


Similar News