ജനറല്‍ സുലൈമാനിയുടെ വധം: ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റര്‍പോളിന് ഇറാന്റെ റെഡ് നോട്ടീസ്
കഴിഞ്ഞ ജൂണില്‍, ടെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസി മെഹര്‍, ട്രംപിനും ഡസന്‍ കണക്കിന് യുഎസ് ഉദ്യോഗസ്ഥര്‍ക്കും 'കൊലപാതകം, ഭീകരവാദ കുറ്റം' എന്നിവ ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്യണമെന്ന് ഇറാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. 'റെഡ് നോട്ടീസ്' വഴിയാണ് ഇറാന്‍ ഇന്റര്‍പോളിനോട് ഇത് ആവശ്യപ്പെട്ടത്. ഇറാനിലെ സൈനിക മേധാവി ജനറല്‍ സുലൈമാനിയെ 2020 ജനുവരി 3ന് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഈ കുറ്റത്തിന് ട്രംപിനെയും മറ്റ് 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര പോലീസ് സംഘടനയോട് അഭ്യര്‍ത്ഥിച്ചതായി ഇറാന്‍ ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മാഈലി ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ജൂണില്‍, ടെഹ്‌റാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസി മെഹര്‍ ട്രംപിനും ഡസന്‍ കണക്കിന് യുഎസ് ഉദ്യോഗസ്ഥര്‍ക്കും 'കൊലപാതകം, ഭീകരവാദ കുറ്റം' എന്നിവ ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനറല്‍ സുലൈമാനി വധിക്കപ്പെട്ട് ഒരു വര്‍ഷം തികയുമ്പോഴാണ് ഇറാന്‍ ട്രംപിനെ അറസ്റ്റു ചെയ്യാന്‍ ഇന്റര്‍പോളിന് ഇറാന്റെ റെഡ് നോട്ടീസ് നല്‍കിയത്. ട്രംപ് സ്ഥാനമൊഴിഞ്ഞ് വൈറ്റ്ഹൗസില്‍ നിന്ന് പുറത്തുപോയതിനു ശേഷം ഇറാന്‍ നിയമപരമായി അദ്ദേഹത്തെ നേരിടുമെന്ന് ഇറാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.