കൗമാരക്കാര്‍ക്ക് കൊവാക്‌സിന്‍ മാത്രം നല്‍കുക; ആരോഗ്യപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥനയുമായി ഭാരത് ബയോടെക്
ഹൈദരാബാദ്; 15-18 വയസ്സുകാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുമ്പോള്‍ കൊവാക്‌സിന്‍ മാത്രം നല്‍കാന്‍ ശ്രമിക്കണമെന്ന് നിര്‍മാണക്കമ്പനിയായ ഭാരത് ബയോടെക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. വാക്‌സിന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അനുമതിയില്ലാത്ത വാക്‌സിനുകള്‍ നല്‍കുന്നതിനെക്കുറിച്ച് ചില റിപോര്‍ട്ടുകള്‍ വരുന്നുണ്ടെന്നും കമ്പനി പുറത്തിറക്കിയ അഭ്യര്‍ത്ഥനയില്‍ പറയുന്നു.
'15-18 വയസ്സിനിടയിലുള്ള വ്യക്തികള്‍ക്ക് കൊവാക്‌സിന്‍ മാത്രം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരോട് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു. 12-18 വയസ് പ്രായമുള്ളവരില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന ക്ലിനിക്കല്‍ ട്രയല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൊവാക്‌സിന് അംഗീകാരം ലഭിച്ചത്. നിലവില്‍, കുട്ടികള്‍ക്കായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ ഏക കൊവിഡ് 19 വാക്‌സിനും ഇതാണ്- കമ്പനി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇത് രണ്ടാം തവണയാണ് സമാനമായ അഭ്യര്‍ത്ഥന കമ്പനി പുറപ്പെടുവിക്കുന്നത്. ഇന്ത്യയില്‍ കൊവാക്‌സിനു പുറമെ അഹമ്മദാബാദിലെ സൈഡസ് കാഡിലയ്ക്കും കുട്ടികളില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. പക്ഷേ, കൊവാക്‌സിന്‍ മാത്രം ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ജനുവരി മൂന്ന് മുതലാണ് കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയാണ് അതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.