വീട്ടില്‍ പോയി പാചകംചെയ്യ്: എന്‍സിപി വനിതാ എംപിക്കെതിരേ സത്രീവിരുദ്ധപരാമര്‍ശവുമായി മഹാരാഷ്ട്ര ബിജെപി നേതാവ്

Update: 2022-05-26 07:44 GMT
വീട്ടില്‍ പോയി പാചകംചെയ്യ്: എന്‍സിപി വനിതാ എംപിക്കെതിരേ സത്രീവിരുദ്ധപരാമര്‍ശവുമായി മഹാരാഷ്ട്ര ബിജെപി നേതാവ്

ന്യൂഡല്‍ഹി: എന്‍സിപി വനിതാ എംപിക്കെതിരേ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ മഹാരാഷ്ട്രയിലെ ബിജെപി നേതാവിനെതിരേ അതൃപ്തി  ശക്തമായി. ഒരു പ്രതിഷേധ പരിപാടിക്കിടയിലാണ് ബിജെപി മഹാരാഷ്ട്ര മേധാവി ചന്ദ്രകാന്ത് പാട്ടീല്‍, എംപി സുപ്രിയ സുലെക്കെതിരേ വിവാദപരമായ പരാമര്‍ശം നടത്തിയത്. നിങ്ങള്‍ക്ക് രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടിലേക്ക് പോയി ഭക്ഷണം വച്ച് കഴിഞ്ഞുകൂടൂ എന്നായിരുന്നു ചന്ദ്രകാന്ത് പറഞ്ഞത്.

മഹാരാഷ്ട്രയില്‍ തൊഴിലിനും വിദ്യാഭ്യാസത്തിനും സംവരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് രണ്ട് പാര്‍ട്ടികളും തമ്മില്‍ കടുത്ത പ്രശ്‌നം നിലവിലുണ്ട്.

ഒബിസി ക്വാട്ടയ്ക്കായുള്ള മഹാരാഷ്ട്രയുടെ പോരാട്ടത്തെ മധ്യപ്രദേശുമായി താരതമ്യപ്പെടുത്തിയതിനാണ് സുപ്രിയ സുലെയോട് ബിജെപി നേതാവ് പ്രതികരിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന് എങ്ങനെയാണ് സുപ്രിംകോടതിയില്‍നിന്ന് പച്ചക്കൊടി ലഭിച്ചതെന്ന് അവര്‍ ചോദിച്ചു.

'മധ്യപ്രദേശ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ വന്ന് ഒരാളെ കണ്ടു. അടുത്ത രണ്ട് ദിവസങ്ങളില്‍ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, അവര്‍ക്ക് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചു,' സുലെ യോഗത്തില്‍ പറഞ്ഞു. ഈ സമയത്തായിരുന്നു സുപ്രിയക്കെതിരേയുള്ള ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധപരാമര്‍ശം.

'നിങ്ങള്‍ എന്തിനാണ് രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത്? വീട്ടില്‍ പോയി പാചകം ചെയ്യൂ. നിങ്ങള്‍ രാഷ്ട്രീയത്തിലാണ്, ഒരു മുഖ്യമന്ത്രിയെ എങ്ങനെ കാണണമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? നിങ്ങള്‍ സംവരണം ലഭിക്കുന്ന ഡല്‍ഹിയിലേക്കോ നരകത്തിലേക്കോ പോകൂ- ചന്ദ്രകാന്ത് പറഞ്ഞു.

സുപ്രിം കോടതി മരവിപ്പിച്ച ഒബിസി ക്വാട്ടാപ്രശ്‌നത്തില്‍ മഹാരാഷ്ട്രയിലെ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി ആരോപിച്ചു. ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തി.

ബിജെപിയെ സ്ത്രീവിരുദ്ധ പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ച് സുലെയുടെ ഭര്‍ത്താവ് സദാനന്ദ് സുലെ ട്വിറ്ററില്‍ പ്രതികരിച്ചു.

'ഇന്ത്യയിലെ മറ്റനേകം കഠിനാധ്വാനികളും കഴിവുറ്റ സ്ത്രീകളില്‍ ഒരാളുമായ, ഒരു വീട്ടമ്മയും അമ്മയും രാഷ്ട്രീയക്കാരിയും ആയ എന്റെ ഭാര്യയെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.'- ഭര്‍ത്താവ് സദാനന്ദ് ട്വീറ്റ് ചെയ്തു.

Tags:    

Similar News