മുംബൈ: അടുത്ത മാസം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും തൃണമൂലുമായി സഖ്യസാധ്യത തേടുമെന്ന് എന്‍സിപി മേധാവി ശരത് പവാര്‍.
ഭരണത്തിലിരിക്കുന്ന ബിജെപിയെ പുറത്താക്കാനുള്ള മാര്‍ഗമതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൃണമൂലും എന്‍സിപിയും കോണ്‍ഗ്രസ്സും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്- പവാര്‍ മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിപിസീറ്റുകളെക്കുറിച്ച് അവരെ ധരിപ്പിച്ചിട്ടുണ്ടെന്നും താമസിയാതെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 14നാണ് ഗോവ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും.
അതേസമയം സഖ്യസാധ്യതയില്ലെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ദിനേഷ് ആര്‍ ഗുണ്ടുറാവു പറഞ്ഞത്. തൃണമൂലുമായുള്ള സഖ്യസാധ്യതയും അദ്ദേഹം തള്ളിയിരുന്നു.
ഇതുവരെയും ഒരു തരത്തിലുള്ള സഖ്യസാധ്യതയും ആരാഞ്ഞിട്ടില്ലെന്നായിരുന്നു റാവു ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. തൃണമൂല്‍ ബിജെപിയെ ആക്രമിക്കുന്നതിനു പകരം തുടക്കം മുതല്‍ കോണ്‍ഗ്രസ്സിനെതിരേയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. തങ്ങളുടെ പാര്‍ട്ടി എംഎല്‍എമാരെ തൃണമൂല്‍ തട്ടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി എംഎല്‍മാര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു.