പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കവെ ഗോവയില്‍ മന്ത്രിയും സ്വതന്ത്ര എംഎല്‍എയുമായ ഗോവിഡ് ഗൗഡെ നിയമസഭാംഗത്വം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. 2017 മുതല്‍ അദ്ദേഹം ബിജെപി സര്‍ക്കാരില്‍ കലാ സാംസ്‌കാരിക വകുപ്പ്, ആദിവാസിക്ഷേമ മന്ത്രിയായിരുന്നു. ബിജെപിയുടെ ക്ഷണം സ്വീകരിച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാണ് സ്ഥാനം രാജിവച്ചതെന്ന് പ്രയോളില്‍നിന്നുള്ള എംഎല്‍എയായ അദ്ദേഹം പ്രതികരിച്ചു.
ഫെബ്രുവരി 14നാണ് ഗോവയില്‍ തിരഞ്ഞെടുപ്പ്. വരുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാനാണ് ഗൗഡെ തീരുമാനിച്ചിരിക്കുന്നത്. 'വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ ബിജെപിക്കായി മല്‍സരിക്കും. പാര്‍ട്ടി എന്റെ ആശയങ്ങളെ പിന്തുണക്കുന്നതിനാലും, എന്റെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നതിനാലുമാണ് ഈ തീരുമാനം സ്വീകരിച്ചത്. ഇന്ന് തന്നെ മന്ത്രിപദവി രാജിവച്ച് ബിജെപിക്കായി ഞാന്‍ പ്രവര്‍ത്തനമാരംഭിക്കും' ഗോവിന്ദ് ഗൗഡെ അറിയിച്ചു.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി അധ്യക്ഷന്‍ ദീപക് ധവാലിക്കറിനെ 4,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗൗഡെ പരാജയപ്പെടുത്തിയത്. മനോഹര്‍ പരീക്കര്‍ നയിച്ച ഗോവയിലെ ബിജെപി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച രണ്ട് സ്വതന്ത്ര എംഎംല്‍എമാരില്‍ ഒരാളാണ് ഗൗഡെ.
2019ല്‍ പരീക്കറിന്റെ മരണശേഷം പ്രമോദ് സാവന്ത് അധികാരത്തിലെത്തിയപ്പോഴും ഗൗഡെ മന്ത്രിസഭയിലുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍നിന്നുള്ള രവി നായിക്, ഗോവ ഫോര്‍വേഡ് പാര്‍ട്ടിയില്‍നിന്നുള്ള ജയേഷ് സാല്‍ഗോങ്കര്‍, മറ്റൊരു സ്വതന്ത്ര എംഎല്‍എ റോഹന്‍ ഖൗണ്ടെ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്കാണ്.