ഭരണഘടനാവിരുദ്ധനീക്കം നടത്തുന്ന ഗവര്‍ണര്‍ രാജി വെയ്ക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായ നീക്കങ്ങള്‍ നടത്തി തിരത്തെടുക്കപ്പെട്ട സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന കേരള ഗവര്‍ണര്‍ അടിയന്തിരമായി രാജി വെയ്ക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സകേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം.
സര്‍വകലാ ചാന്‍സലര്‍ എന്ന നിലയില്‍ വി.സിമാരെ നിയമിക്കാന്‍ അധികാരം ഗവര്‍ണര്‍ക്കാണ്. ആ നിലക്ക് കേരളത്തിലെ സര്‍വ്വകലാശാലകളില്‍ യോഗ്യതയില്ലാത്തവരാണ് വി.സിമാരെങ്കില്‍ ഗവര്‍ണര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ട്. കേരള സര്‍ക്കാരുമായി എന്ത് ധാരണയിലാണ് വി.സിമാരെ നിയമിച്ചതെന്ന് വ്യക്തമാക്കേണ്ടത് ഗവര്‍ണറാണ്. അല്ലാതെ പദവിയുടെ അന്തസിന് നിരക്കാത്ത ജല്‍പനങ്ങള്‍ നടത്തുകയല്ല വേണ്ടത്.
ഗവര്‍ണര്‍മാരെ ആയുധമാക്കി ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ യാതൊരു തരത്തിലും ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലാത്തതാണ്. രാജ്യത്തെ പൗരസമൂഹം ഈ ആവശ്യം ഉയര്‍ത്തണം. പല സന്ദര്‍ഭങ്ങളിലും സംഘ്പരിവാര്‍ താത്പര്യം സംരക്ഷിക്കാന്‍ ഗവര്‍ണറുമായി ഒത്തുകളിച്ച പിണറായി സര്‍ക്കാര്‍ ഇനിയെങ്കിലും തങ്ങളുടെ നയം തിരുത്തണം. ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.