തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം ട്രഷറിയിലിടണമെന്ന് സര്‍ക്കാര്‍; കേരള ധനകാര്യം തകര്‍ച്ചയുടെ പടുകുഴിയിലേക്കെന്നതിന്റെ ലക്ഷണമെന്ന് ധനകാര്യവിദഗ്ധന്‍ ജോസ് സെബാസ്റ്റിയന്‍

Update: 2021-09-30 14:30 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം ട്രഷറിയില്‍ നിക്ഷേപിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കേരളം എത്തിച്ചേര്‍ന്ന ധനകാര്യപ്രതിസന്ധിയുടെ ലക്ഷണമാണെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിലെ ധനശാസ്ത്രജ്ഞന്‍ ജോസ് സെബാസ്റ്റിയന്‍. സാമൂഹികമാധ്യങ്ങളില്‍ പങ്കുവച്ച ഒരു പോസ്റ്റിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്. 

ജനകീയസൂത്രണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ സമയത്തു തന്നെ ഇത് സംഭവിച്ചതും തദ്ദേശ സ്വയംഭരണ സര്‍ക്കാറുകളുടെ ശാക്തീകരണം എന്നൊക്കെ വിടുവായത്തം പറഞ്ഞ് ഡോ. തോമസ് ഐസക് ന്യായീകരിച്ചതിനെയും ജോസ് സെബാസ്റ്റിയന്‍ പരിഹസിച്ചു.

തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ പലിശ കിട്ടുന്ന പരിപാടിയാണെന്നായിരുന്നു ഐസക്കിന്റെ വാദം. ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള താത്രപ്പാടാണ് ഇതെന്ന് ജോസ് സെബാസ്റ്റിയന്‍ പറയുന്നു.

അദ്ദേഹം എഴുതുന്നു: ''കേരളത്തിന്റെ ധനകാര്യം വലിയ തകര്‍ച്ചയിലേക്ക് പോകുന്നതിന്റെ ലക്ഷണമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനവും കൂടി ട്രഷറിയില്‍ നിക്ഷേപിക്കണം എന്ന ഉത്തരവ്. ജനകീയസൂത്രണത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഈ സമയത്തു തന്നെ ഇത് സംഭവിക്കണം. തദ്ദേശ സ്വയംഭരണ സര്‍ക്കാറുകളുടെ ശാക്തീകരണം എന്നൊക്കെ വിടുവായത്തം പറയാം. ഡോ. തോമസ് ഐസക് ഇതിനെ ന്യായീകരിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നു. വീണത് വിദ്യ ആക്കുക ആണ് ഈ ബുദ്ധിരാക്ഷസന്‍. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ പലിശ കിട്ടും പോലും!!. ശമ്പളവും പെന്‍ഷനും കൊടുക്കാനുള്ള താത്രപ്പാടാണ് ഇതെന്നു ആര്‍ക്കാണ് അറിയാത്തത്? ട്രഷറി നിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ പരിപാടികളും അവതാളത്തില്‍ ആകും.

കേരള ധനകാര്യത്തെ ഇന്നത്തെ പതനത്തില്‍ കൊണ്ടെത്തിച്ചതിന് ഡോ. തോമസ് ഐസക്കിന് വലിയ പങ്കുണ്ട്. ഞാന്‍ ഇത് നിരന്തരം പറഞ്ഞുകൊണ്ട് ഇരിക്കുന്നത് എനിക്ക് അദ്ദേഹത്തോട് വ്യക്തിപരം ആയി വിരോധം ഉള്ളതുകൊണ്ടല്ല. സത്യത്തില്‍ എനിക്ക് നാല് അഞ്ചു പ്രാവശ്യം വ്യക്തിപരമായ സഹായങ്ങള്‍ ചെയ്ത ആള്‍ ആണ് അദ്ദേഹം.

'കേരള ധനകാര്യം: ജനപക്ഷത്തുനിന്ന് ഒരു പുനര്‍വായന' എന്ന എന്റെ പുസ്തകത്തില്‍ 'മാണിയും ഐസക്കും: കേരളത്തിന്റെ ദുര്യോഗം' എന്നൊരു ശീര്‍ഷകം ഉണ്ട്. കെ എം മാണിയെ മനസ്സിലാക്കാം. ക്രിസ്ത്യാനികളുടെ താല്പര്യം എന്നതിന് അപ്പുറം മറ്റ് താല്പര്യങ്ങള്‍ ഇല്ലാത്തിരുന്ന വ്യക്തി. ഒന്നര ഏക്കര്‍ ഭൂമി കുടുംബ സ്വത്ത് കിട്ടിയ അദ്ദേഹം 50 വര്‍ഷം ജനസേവനം കഴിഞ്ഞപ്പോള്‍ കുത്തുപാള എടുത്തില്ലേ?

ഡോ. ഐസക് അങ്ങനെ അല്ല. അദ്ദേഹം എന്തുകൊണ്ടും ഒരു മൗലിക ബുദ്ധിജീവി തന്നെയാണ്. കേരള ധനകാര്യം നേരെ ആക്കാന്‍ വലിയ ഒരു അവസരം ലഭിച്ചത് അദ്ദേഹത്തിന് ആണ്. പൊതുവിഭവ സമാഹരണത്തില്‍ കേരളം 1980കള്‍ മുതല്‍ താഴോട്ട് പോയിക്കൊണ്ട് ഇരിക്കുകയാണെന്ന് ബോധ്യപ്പെട്ടിട്ടുള്ള ആള്‍ ആണ് അദ്ദേഹം. 2006 ഇല്‍ ധനകാര്യ മന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ കേന്ദ്രം ധന ഉത്തരവാദിത്ത നിയമം കൊണ്ടുവന്ന് സംസ്ഥാനങ്ങളുടെ ലക്കും ലഗാനുമില്ലാത്ത കടമെടുപ്പിന് നിയന്ത്രണം കൊണ്ടുവന്ന് 3 വര്‍ഷം ആയിട്ടേയുള്ളു. യുഡിഫ് സര്‍ക്കാര്‍ അതിനെ പിന്‍പറ്റി ധനകാര്യം നേരെ ആക്കാന്‍ ചില നടപടികള്‍ എടുത്തു. പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത് അതിന്റെ ഭാഗം ആയിരുന്നു.

ആ നടപടികള്‍ തുടരുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. അതിനു പകരം എഫ്ആര്‍ബിഎം ആക്ട് ഒക്കെ നവലിബറല്‍ ആയി തള്ളിക്കളഞ്ഞു. മൂലധന ചെലവിന് കടം എടുത്ത് കേരളത്തെ അങ്ങു വികസിപ്പിക്കും എന്ന് പറഞ്ഞ് പങ്കാളിത്ത പെന്‍ഷന്‍ ഒക്കെ മാറ്റിവച്ചു. വാറ്റ് നികുതിയുടെ പ്രയോജനം കിട്ടി എന്നതൊഴിച്ചാല്‍ പൊതുവിഭവ സമാഹരണത്തില്‍ കാര്യമായ ഒരു അത്ഭുതവും സംഭവിച്ചില്ല.

തുടര്‍ന്നുവന്ന യുഡിഫ് സര്‍ക്കാരിന് മോശം ആകാന്‍ പറ്റുമോ? മാണി കാരുണ്യ പോലുള്ള ലോട്ടറി തുടങ്ങി പാവങ്ങളെ പിഴിഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പുനസ്ഥാപിച്ചുവെന്ന് എടുത്തുപറയണം.

ഡോ. ഐസക് രണ്ടാം വരവില്‍ വാറ്റ് പോലെ ജിഎസ്ടി രക്ഷിക്കുമെന്ന് കരുതി. ഞാനും അനിതകുമാരി എന്ന സഹപ്രവര്‍ത്തകയും കൂടി പഠനം നടത്തി പറഞ്ഞു ജിഎസ്ടി കേരളത്തെ രക്ഷിക്കുകയില്ല എന്ന്. അദ്ദേഹം അത് പുച്ഛിച്ചു തള്ളി. 20-25% വരുമാന വര്‍ധന ഉണ്ടാകും എന്ന് നിയമസഭയില്‍ വരെ പറഞ്ഞു. വര്‍ധന 10% ത്തില്‍ താഴെ. പിന്നെ കിഫ്ബി ആയി.

2006 ഇല്‍ കേരളം പൊതുവിഭവങ്ങള്‍ സമാഹരിച്ചു പൊതു ചിലവുകള്‍ നടത്തണം എന്ന ഒരു നിലപാട് ഡോ. ഐസക് എടുത്തിരുന്നെങ്കില്‍ കേരളത്തിന്റെ സ്ഥിതി മാറിയേനെ. ഇനി ഇപ്പോള്‍ കടം എടുപ്പ് അല്ലാതെ വേറെ വഴിയില്ല എന്നായിരിക്കുന്നു. കഴിഞ്ഞ 20 വര്‍ഷം എടുത്ത കടത്തില്‍ 67% ഉം ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ റവന്യു ചെലവുകള്‍ക്കാണ് ഉപയോഗിച്ചത്. കടത്തിന്റെ പലിശ മൊത്തം വരുമാനത്തിന്റെ 18% വരെ ആയിരിക്കുന്നു. ഇത് എവിടെ ചെന്ന് നില്കും എന്നെ ഇനി അറിയാനുള്ളു.''


Similar News