ജിഎസ്ടി: സുപ്രിംകോടതി വിധി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ദൂരവ്യാപകസ്വാധീനം ചെലുത്തുമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍
വിധി കോപറേറ്റീവ് ഫെഡറലിസത്തിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്
തിരുവനന്തപുരം: സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച ജിഎസ്ടി സംബന്ധിച്ചുള്ള വിധി വളരെ പ്രധാനപ്പെട്ടതും രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നതുമാണെന്ന് ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. ജിഎസ്ടി കൗണ്‍സിലിന്റെ നികുതി സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്നവയല്ലെന്നും മറിച്ച് ഉപദേശരൂപത്തിലുള്ളതാണെന്നുമുള്ള ഈ വിധിയിലൂടെ സംസ്ഥാനത്തിന്റെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിധിയുടെ വിശദാംശങ്ങള്‍ പൂര്‍ണമായും പുറത്തു വരാനിരിക്കുന്നതേയുള്ളൂ.
എന്നിരുന്നാലും ഈ വിധി കോപറേറ്റീവ് ഫെഡറലിസത്തിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കുന്നു എന്നത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്. ജിഎസ്ടി നടപ്പിലാക്കാന്‍ നടപടികള്‍ തുടങ്ങിയ കാലം മുതല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച നിലപാടുകളെ സാധൂകരിക്കുന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കുകയും തുടര്‍ന്ന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തത് സംസ്ഥാനങ്ങളുടെ വരുമാനത്തെയും ഖജനാവിനെയും ബാധിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക അസ്തിത്വത്തെയും അധികാരത്തെയും ഒരു പരിധിവരെ സംരക്ഷിക്കാന്‍ ഇതിലൂടെ കഴിയും എന്നാണ് പ്രത്യാശിക്കുന്നത്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ജിഎസ്ടി സെലക്ട് കമ്മിറ്റിയില്‍ അംഗമായിരുന്ന ഘട്ടത്തില്‍ തന്നെ ജിഎസ്ടി ബില്ലിലെ സംസ്ഥാന താല്പര്യങ്ങള്‍ക്ക് എതിരായ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിധിയിലൂടെ കുറേക്കൂടി സുതാര്യമായി സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനങ്ങള്‍ രാജ്യത്തുണ്ടാകും എന്ന് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.