യുവതി-യുവാക്കള്‍ക്കായി മാള ബ്ലോക്കില്‍ യൂത്ത് ഗൈഡന്‍സ് സെന്റര്‍ ആരംഭിക്കുന്നു
മാള: മാള ബ്ലോക്ക് പഞ്ചായത്തിലെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി യുവതി-യുവാക്കള്‍ക്കായി യൂത്ത് ഗൈഡന്‍സ് സെന്റര്‍ ആരംഭിക്കുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന വികസന സെമിനാറിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സ്‌കില്‍ ഗ്യാപ്പ് അനാലിസിസ്, തൊഴില്‍ പരിശീലനങ്ങള്‍, തൊഴില്‍മേളകള്‍, ബിസിനസ് വികസന ശില്‍പ്പശാലകള്‍, ഇന്നവേറ്റേഴ്‌സ് മീറ്റ്, പി എസ് സി കോച്ചിംഗ്, കരിയര്‍ ഗൈഡന്‍സ്, സിവില്‍ സര്‍വ്വീസ് തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്. കൂടാതെ കാര്‍ഷിക മേഖല ഉല്‍പ്പന്നങ്ങളുടെ സംഭരണ, സംസ്‌ക്കരണ, വിതരണ കേന്ദ്രവും ആരംഭിക്കും.
മാള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ ദേശീയ നിലവാരത്തിലുളള ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. ഇതോടൊപ്പം നൂതന സൗകര്യങ്ങളോട് കൂടിയ ലാബിന്റെയും എക്‌സ്‌റേ ലാബിന്റെയും പ്രവര്‍ത്തനം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികളെടുക്കാനും തീരുമാനമായി. വയോജനഭിന്നശേഷി സൗഹൃദ ഇടമായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെ മാറ്റാനുള്ള നടപടികളും സ്വീകരിക്കും. ബ്ലോക്ക് പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം
കാണുന്നതിനുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കാനും സെമിനാറില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കുളങ്ങള്‍, തോടുകള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കും. പട്ടികജാതി കോളനികളുടെയും സങ്കേതങ്ങളുടെയും സമഗ്രവികസനത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയുള്ള മാതൃകാപരമായ പദ്ധതികളും നടപ്പിലാക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള വെറ്റിനറി പോളി ക്ലിനിക്ക് ലാബിന്റെ പ്രവര്‍ത്തനം നൂതന സൗകര്യങ്ങളോടെ നടപ്പിലാക്കും. ക്ഷീര കര്‍ഷകരെ സഹായിക്കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കാനും തീരുമാനമായി. ഓമന മൃഗങ്ങളെ ചികിത്സിക്കുന്നതിനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും വെറ്റിനറി ഹോസ്പിറ്റലിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചു.
കേരള സാംസ്‌കാരിക വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നൊരുക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സൗജന്യ കലാപരിശീലനം നല്‍കാനും വായനശാലകള്‍, ക്ലബ്ബുകള്‍, മറ്റു സംഘടനകള്‍ എന്നിവയെ കൂട്ടിയിണക്കി നാടകാഭിനയ കളരി, ഫിലിം ഫെസ്റ്റിവല്‍ എന്നിവ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി. മാള ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജി യാക്കോബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് മാഞ്ഞൂരാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അശോക്, സാജന്‍ കൊടിയന്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.