ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം: ഗര്‍ഡറുകള്‍ ഈ മാസം സ്ഥാപിക്കും
തൃശൂര്‍: ഗുരുവായൂര്‍ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഗര്‍ഡറുകള്‍ ഈ മാസം അവസാനത്തോടെ സ്ഥാപിക്കും. എന്‍ കെ അക്ബര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. റെയില്‍വേപാളത്തിന് സമീപം തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തിക്ക് റെയില്‍വേയുടെ അനുമതി നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും സൂപ്പര്‍ സ്‌ട്രെക്ചര്‍ ചെയ്യുന്നതിന് ക്ഷണിച്ച ടെണ്ടറുകള്‍ക്ക് എത്രയും വേഗം അംഗീകാരം ലഭ്യമാക്കുമെന്നും റെയില്‍വേ അസി.എക്‌സി.എന്‍ജിനീയര്‍ യോഗത്തെ അറിയിച്ചു.
പൊളിച്ചിട്ട സര്‍വ്വീസ് റോഡ് ,കാന എന്നിവ അടുത്ത ആഴ്ച മുതല്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. സര്‍വ്വീസ് റോഡുകള്‍ തയ്യാറാക്കുന്നതില്‍ കരാര്‍ ഏജന്‍സി വീഴ്ച വരുത്തുന്നതില്‍ എം എല്‍ എ യോഗത്തില്‍ അതൃപ്തി അറിയിച്ചു. പ്രവര്‍ത്തി മോണിറ്റര്‍ ചെയ്യുന്നതിന് പൊതുമരാമത്ത് അസി.എകസി.എന്‍ജിനീയര്‍, നഗരസഭ അസി.എക്‌സി.എന്‍ജിനീയര്‍ എന്നിവരെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട വിവരങ്ങള്‍ പ്രൊജക്ട് എന്‍ജിനീയര്‍ ആഷിദ് യോഗത്തില്‍ വിശദീകരിച്ചു. ഗര്‍ഡറുകളുടെ നിര്‍മ്മാണം തൃച്ചിയിലെ പ്ലാന്റില്‍ പുരോഗമിക്കുന്നതായും ഈ മാസം അവസാനത്തോടെ ഗര്‍ഡറുകള്‍ സ്ഥാപിക്കുമെന്നും പ്രൊജക്ട് എന്‍ജിനീയര്‍ അറിയിച്ചു. റെയില്‍വേ പാളത്തിന് സമീപം പൈലിംഗ് നടത്തി തൂണുകള്‍ സ്ഥാപിക്കേണ്ട നടപടി അടിയന്തരമായി ആരംഭിക്കുന്നതിന് ആര്‍.ബി.ഡി.സി.കെ യ്ക്ക് എം എല്‍ എ നിര്‍ദ്ദേശം നല്‍കി. തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശദമായ ഡിസൈന്‍, പ്ലാന്‍ എന്നിവ റെയില്‍വേ നല്‍കിയ സാഹചര്യത്തില്‍ അടിയന്തരമായി അംഗീകരിച്ച് നല്‍കുന്നതിന് ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
നഗരസഭ ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ്, സെക്രട്ടറി സീന എസ് കുമാര്‍ , ഗുരുവായൂര്‍ എ.സി.പി കെ ജി സുരേഷ് ,ഐഎസ്എച്ച്ഒ പ്രേമാനന്ദന്‍ ,കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ കെ വാസുദേവന്‍, കെ എസ് ഇ ബി അസി.എക്‌സി. എന്‍ജിനീയര്‍ എം ബിജി, പിഡബ്ല്യുഡി അസി.എക്‌സി. എന്‍ജിനീയര്‍ കെ മാലിനി , ആര്‍.ബി.ഡി.സി.കെ അസി. എന്‍ജിനിയര്‍ ഇ എ അര്‍ഷാദ് ,മേല്‍പ്പാല നിര്‍മാണ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.