ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം

Update: 2020-08-30 14:11 GMT

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 60 വിവാഹങ്ങള്‍ നടത്തുന്നതിനുള്ള ബുക്കിങ് ആഗസ്റ്റ് 31 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ബുക്കിങ്ങ് സ്വീകരിച്ച് വെര്‍ച്വല്‍ ക്യൂ വഴി സെപ്റ്റംബര്‍ 10 മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം നടത്താം. ആഗസ്റ്റ് 31 മുതല്‍ വാഹനപൂജ ഏര്‍പ്പെടുത്തുന്നതിനും ഭരണസമിതി യോഗം തീരുമാനിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് മുന്‍കൂര്‍ ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തു വരുന്നവര്‍ക്ക് അനുവദിച്ച സമയക്രമ പ്രകാരമാണ് ദര്‍ശനം അനുവദിക്കുക.

നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. വലിയ ബലിക്കല്ലിനു സമീപം നിന്ന് ദര്‍ശനം നടത്തി ചുറ്റമ്പലം വഴി പ്രദക്ഷിണം വെച്ച് ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള വാതില്‍ വഴി പോകണം. ക്ഷേത്രത്തിനകത്ത് ഒരു സമയം 50 പേരില്‍ കൂടുതല്‍ ഭക്തര്‍ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം.

പുതിയ മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം സെപ്റ്റംബര്‍ 14ന് രാവിലെ 8.30 മുതല്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ വെച്ചും നറുക്കെടുപ്പ് സെപ്റ്റംബര്‍ 15ന് ഉച്ചപൂജക്കുശേഷം നാലമ്പലത്തിനകത്തു വെച്ചും നടത്തും. കൂടാതെ കാലാവധി പൂര്‍ത്തിയായ കോയ്മ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസര്‍മാര്‍, വനിതാ സെക്യൂരിറ്റിക്കാര്‍ എന്നിവരുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ നീട്ടാനും യോഗം തീരുമാനിച്ചു. ഈ തസ്തികകളിലേക്കും സോപാനം കാവലിലേക്കും അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 14, 15 തീയതികളില്‍ ശ്രീപത്മം ബില്‍ഡിങ്ങില്‍ വെച്ച് അഭിമുഖം നടത്തും.

ഭരണസമിതി യോഗത്തില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ. ബി. മോഹന്‍ദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി, കെ. അജിത്, ഇ.പി.ആര്‍ വേശാല, കെ.വി. ഷാജി, അഡ്മിനിസ്ട്രേറ്റര്‍ ടി. ബ്രീജകുമാരി എന്നിവര്‍ പങ്കെടുത്തു. 

Tags:    

Similar News