കൊവിഡ് രോഗികള്‍ക്ക് സാന്ത്വനവുമായി ജി വി എച്ച് എസ് എസ് കിഴുപറമ്പിലെ കുട്ടിപ്പോലിസ്
അരീക്കോട്: കൊവിഡ് ബാധിച്ച് ഏകാന്തതയില്‍ കഴിയുന്ന രോഗികള്‍ക്ക് സാന്ത്വന മൊഴിയുമായി കുട്ടിപ്പൊലിസ്. കൊവിഡ് മഹാമാരിക്കാലത്ത് കീഴുപറമ്പ് അന്ധ അഗതി മന്ദിരത്തിലെ മുഴുവന്‍ അന്തേവാസികള്‍ക്കും സ്വയം തയ്ച്ച വസ്ത്രങ്ങള്‍ വിഷു കോടിയായി നല്‍കിയും, ആയിരത്തിലധികം മാസ്‌ക്കുകള്‍ തയ്ച്ച് സൗജന്യമായി വിതരണം ചെയ്തും മാതൃകയായ കീഴുപറമ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ആണ് സേവനപാതയില്‍ പുതിയ മാതൃകയുമായി രംഗത്ത് വന്നിരിക്കുന്നത്.
ദിനേന കോവിഡ ബാധിതര്‍ പെരുകുന്ന ജില്ലയില്‍ രോഗം ബാധിച്ച് ക്വാറന്റൈനിലും മറ്റുമായി ഒറ്റപ്പെട്ട, മാനസിക സമ്മര്‍ദ്ദത്തില്‍ കഴിയുന്ന രോഗികളെ ഫോണില്‍ ബന്ധപ്പെട്ട് സമാശ്വാസം പകരാനായി ജില്ലാ പോലീസും, ജില്ലാ എസ്.പി.സി.യും സംയുക്തമായി നടത്തുന്ന 'ആശ്വാസ്' പദ്ധതിക്ക് കീഴുപറമ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ തുടക്കമായി.
ഇപ്രാവശ്യം എസ്. എസ്. എല്‍. സി. കഴിഞ്ഞ കേഡറ്റുകള്‍ക്കും, മുന്‍ കേഡറ്റുകളായ സ്റ്റുഡന്റ് വളണ്ടിയര്‍ കേഡറ്റുകള്‍ക്കും ജില്ലാ പോലീസ് മുഖാന്തിരം ലഭിച്ച കോവിഡ് രോഗികളുടെ ഫോണ്‍ നമ്പറുകളില്‍ ജില്ലയിലെ നിരവധി രോഗികളുമായി ബന്ധപ്പെട്ട് സമാശ്വാസം പകര്‍ന്നു.
രോഗികള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദ്ദേശങ്ങളോടൊപ്പം രോഗ വിവരങ്ങളും, അവരുടെ ആവശ്യങ്ങളും കേഡറ്റുകള്‍ ചോദിച്ചറിഞ്ഞ് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നു. കൂടാതെ പ്രാദേശികമായി മറ്റു സന്നദ്ധ സംഘടനകളുടെ സഹായം തേടി, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മരുന്നും ഭക്ഷണസാധനങ്ങളും രോഗികള്‍ക്ക് എത്തിച്ചു കൊടുക്കാനും ഈ പദ്ധതിയിലൂടെ കേഡറ്റുകള്‍ക്ക് കഴിയുന്നുണ്ട്. വരും ദിനങ്ങളിലും എസ്. പി. സി. കേഡറ്റുകളിലൂടെ ജില്ലയിലെ എല്ലാ കോവിഡ് ബാധിതരിലേക്കും ഈ സമാശ്വാസം എത്തിക്കാനാണ് 'ആശ്വാസ്' പദ്ധതിയിലൂടെ എസ്. പി. സി. യും ജില്ലാ പോലീസ് അധികാരികളും ലക്ഷ്യമിടുന്നത്.
അരീക്കോട് എസ്എച്ച്ഒ ഉമേഷ്, പിടിഎ പ്രസിഡണ്ട് എം ഇ ഫസല്‍,എസ്എംസി ചെയര്‍മാന്‍ എം എം മുഹമ്മദ്, സ്‌കൂള്‍ എച്ച് എം കെ കെ റീന, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ സൈറാബാനു, ഇമ്പിച്ചിമോയി, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ മുഹമ്മദ് ബഷീര്‍ തുടങ്ങിയവരാണ് പദ്ധതിക്ക് നേതൃത്വം നല്‍കന്നത്.