ഗ്യാന്‍വാപി കേസ്: നൃത്തം ചെയ്തും പാട്ടുപാടിയും കോടതിവിധി ആഘോഷമാക്കി സ്ത്രീഹരജിക്കാര്‍

Update: 2022-09-12 10:42 GMT

വാരാണസി: ഗ്യാന്‍വാപി മസ്ജിദ് കേസില്‍ തങ്ങള്‍ നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവില്‍ നൃത്തം ചെയ്തും കെട്ടിപ്പിടിച്ചും ആഹ്ലാദം പ്രകടിപ്പിച്ച് ഹിന്ദുസ്ത്രീകള്‍. ഈ വിധിയില്‍ ഇന്ത്യ സന്തോഷിക്കുകയാണെന്നും രാജ്യത്തെ എല്ലാ ഹിന്ദു സഹോദരീ സഹോദരന്മാരും ഈ ദിവസം ആഘോഷമാക്കണമെന്നും ഹരജിക്കാരിലൊരാളായ മഞ്ജു വ്യാസ് പറഞ്ഞു.

വ്യാസിനോടൊപ്പം നിരവധി ഹിന്ദുത്വരും കോടതിവിധി ആഘോഷമാക്കി.

ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ആരാധന അനുവദിക്കണമെന്ന ഹിന്ദു സ്ത്രീകളുടെ ആവശ്യം നിയമവിരുദ്ധമാണെന്ന പള്ളിക്കമ്മിറ്റിയുടെ വാദം കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഹരജി സെപ്തംബര്‍ 22ന് വീണ്ടും പരിഗണിക്കുമെന്ന് ജഡ്ജി എ കെ വിശ്വേശ്വ ഉത്തരവില്‍ വ്യക്തമാക്കിയത്.



വാരാണസി കോടതി വിധിയെ ഹിന്ദുക്കളുടെ വിജയമായാണ് ഹിന്ദുകക്ഷികളുടെ അഭിഭാഷകരടക്കമുള്ളവര്‍ വിശേഷിപ്പിച്ചത്. ഇത് ഹിന്ദു സമൂഹത്തിന്റെ വിജയമാണ്. അടുത്ത ഹിയറിങ് സെപ്തംബര്‍ 22ന്. ഇത് ഗ്യാന്‍വാപി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനമാണ്- ഹരജിക്കാരുടെ അഭിഭാഷകന്‍ സോഹന്‍ ലാല്‍ ആര്യ പറഞ്ഞു.

പള്ളിവളപ്പിലെ മതിലിനോട് ചേര്‍ന്ന് നേരത്തെ ക്ഷേത്രമായിരുന്നുവെന്നും ഇവിടെ ആരാധന നടത്താന്‍ അനുമതി വേണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഈ ഹരജി സ്വീകരിക്കരുതെന്ന് പള്ളിക്കമ്മറ്റി വാദിച്ചു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയില്‍ വീഡിയോ സര്‍വേ നടത്താന്‍ ശ്രമിച്ചത് പള്ളിക്കമ്മറ്റി നിയമം മൂലം തടയാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകളുടെ വാദത്തിന് അനുകൂലമായാണ് കോടതി പ്രതികരിച്ചത്.

റിപോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ഹിന്ദു അഭിഭാഷകന്‍ അത് ബോധപൂര്‍വം ലീക്ക് ചെയ്തു.

പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് ഹിന്ദുക്കളുടെ വാദം. പള്ളിക്കുള്ളിലെ ഫൗണ്ടന്‍ ശിവലിംഗമാണെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടും അത് യഥാവിധി അംഗീകരിക്കാന്‍ കോടതി തയ്യാറായിട്ടില്ല.

Tags:    

Similar News