'നാളെ മൂന്ന് മണിവരെ വാരാണസി കോടതി കേസ് പരിഗണിക്കരുത്': ഗ്യാന്‍വാപി മസ്ജിദ് കേസ് നാളെ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരാണസി കോടതിനടപടിക്കെതിരേ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി നാളെ പരിഗണിക്കും. നാളെ വെള്ളിയാഴ്ച മൂന്ന് മണിക്കാണ് കേസ് ബെഞ്ചില്‍വരുന്നതെന്നും അതുവരെ വാരാണസി കോടതി തുടര്‍നടപടികളുമായി മുന്നോട്ട് പോകരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
ഹിന്ദുത്വര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് കേസ് നാളേക്ക് മാറ്റിയത്. കേസില്‍ ഹാജരാകേണ്ട അഭിഭാഷകന്‍ ഹരിശങ്കര്‍ ജെയിന് അസുഖമെന്നാണ് വിഷ്ണു ശങ്കര്‍ കോടതിയില്‍ പറഞ്ഞത്.
അഡ്വ. ഹരിശങ്കര്‍ ജെയിന്‍ ഇന്ന് അസുഖമാണെന്നും നാളെ അസുഖം മാറുമെന്നും വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി കേസ് നാളേക്ക് മാറ്റിയത്.
ഒരേ വിഷയം രണ്ട് കോടതികളില്‍ ഒരേ സമയം പരിഗണിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കേസ് മാറ്റിവയക്കരുതെന്നും ഇതുസംബന്ധിച്ച നിരവധി ഹരജികളുണ്ടെന്നും മസ്ജിദ് മാനേജ്‌മെന്റിനുവേണ്ടി ഹാജരായ ഹുസെഫ അഹ്മദി പറഞ്ഞെങ്കിലും കോടതി പരിഗണിച്ചില്ല. തുടര്‍ന്നാണ് വാരാണസി കോടതിയോട് കേസ് വെള്ളിയാഴ്ച വരെ പരിഗണിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചത്.
അതിനിടയില്‍ സര്‍വേ റിപോര്‍ട്ട് ഇന്ന് ഹിന്ദുത്വരുടെ അഭിഭാഷകര്‍ പുറത്തുവിട്ടു. സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ച റിപോര്‍ട്ടാണ് പറത്തുവന്നത്.