ഫണ്ടനുവദിച്ചെങ്കിലും തൈക്കൂട്ടം തൂക്കുപാലം പുന:ര്‍നിര്‍മാണത്തിന് നടപടിയായില്ല

Update: 2020-09-01 12:45 GMT

മാള: ഫണ്ടനുവദിച്ചെങ്കിലും2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്ന തൈക്കൂട്ടം തൂക്കുപാലം പുനഃര്‍നിര്‍മാണത്തിന് ഇതുവരെ നടപടിയായില്ല. നൂറുകണക്കിന് ജനങ്ങള്‍ക്ക് യാത്രാമാര്‍ഗ്ഗമായി ആകെയുണ്ടായിരുന്ന തൂക്കുപാലം മഹാപ്രളയത്തില്‍ തകര്‍ന്നത് മുതല്‍ നാട്ടുകാര്‍ ദുരിതമനുഭവിച്ച് തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. കാടുകുറ്റി ഗ്രാമപഞ്ചായത്തിനേയും അന്നമനട ഗ്രാമപഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൈക്കൂട്ടം തൂക്കുപാലം പ്രളയത്തില്‍ തകര്‍ന്നതോടെ ഇരു ഗ്രാമപഞ്ചായത്തുകളിലേയും നൂറുകണക്കിനാളുകളാണ് യാത്രാ ദുരിതത്തില്‍ അകപ്പെട്ടത്.

മഹാപ്രളയത്തില്‍ പൂര്‍ണ്ണമായും മുങ്ങിയപ്പോള്‍ പുഴയിലൂടെ ഒഴുകിയെത്തിയ കൂറ്റന്‍ മരങ്ങളും തടികളും വന്നിടിച്ചാണ് തൂക്കുപാലം തകര്‍ന്നത്. വെള്ളം ഇറങ്ങിയപ്പോഴാണ് യാത്രചെയ്യാന്‍ കഴിയാത്ത വിധം തൂക്കുപാലം രണ്ടായി വേര്‍പെട്ടത് ദൃശ്യമായത്. പാലത്തിന്റെ കൈവരിയിലെ ഗ്രില്ലുകളും തകര്‍ന്ന നിലയിലാണ്. നടപ്പാത ഇളകിയും ചെളിനിറഞ്ഞും കിടക്കുകയായിരുന്നു. പാലത്തിന്റെ അറ്റകുറ്റപണിയുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന തര്‍ക്കമാണ് നടപടി നീളുന്നതിന്റെ കാരണം. കാടുകുറ്റി ഗ്രാമപഞ്ചായത്തിനാണ് ഉത്തരവാദിത്വം എന്ന് നാട്ടുകാര്‍ പറയുമ്പോള്‍ റവന്യൂ വകുപ്പിന്റെ വകയാണ് പാലമെന്ന് ഗ്രാമപഞ്ചായത്തും പറയുന്നു. പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

2013 ജൂണിലാണ് തൈക്കൂട്ടം തൂക്കുപാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. റവന്യൂ വകുപ്പിന്റെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 1.16 കോടി രൂപ ചെലവഴിച്ചാണ് തൂക്കുപാലം നിര്‍മ്മിച്ചത്. അന്നമനടയേയും കാടുകുറ്റിയേയും ബന്ധിപ്പിക്കുന്ന പാലം ഈ പ്രദേശങ്ങള്‍ക്കിടയില്‍ എട്ട് കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ സഹായിച്ചു. പാലം സഞ്ചാരയോഗ്യമല്ലാതായതോടെ വിദ്യാര്‍ത്ഥികളടക്കം നിരവധി ആളുകള്‍ ഇരുകര പറ്റാന്‍ കഴിയാതെ വിഷമിക്കുകയാണ് രണ്ട് വര്‍ഷത്തിലധിമായി.

സംസ്ഥാന സര്‍ക്കാരിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ തൂക്കുപാലത്തിന്റെ പുനഃര്‍നിര്‍മ്മാണത്തിനായി ഫണ്ടനുവദിച്ചെങ്കിലും മൂന്നാമത്തെ മഴക്കാലം പകുതിയിലധികമായിട്ടും യാതൊരു നീക്കവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇടക്കെത്തി പരിശോധന നടത്തുന്നതല്ലാതെ മറ്റ് നടപടികള്‍ ഒന്നുമായിട്ടില്ല. ഈയടുത്തയിടെയും കളക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോഴും അനുകൂല നടപടികള്‍ ആയിട്ടില്ലെന്നാണ് ഗ്രാമപഞ്ചായത്തധികൃതര്‍ പറയുന്നത്.

അടിയന്തിരമായി തൂക്കുപാലം ഗതാഗത സൗകര്യത്തിനായി ഒരുക്കണമെന്നാണ് നാട്ടുകാരില്‍ നിന്നും ശക്തമായി ഉയരുന്ന ആവശ്യം. ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാലം പണി തുടങ്ങിയില്ലെങ്കില്‍ അനുവദിക്കപ്പെട്ട ഫണ്ട് ഇനിയും വിനിയോഗിക്കാനാകാത്ത അവസ്ഥയിലെത്തുമോയെന്ന ആശങ്കയുമുണ്ട് നാട്ടുകാരില്‍. 

Similar News