പീഡനപരാതി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരേ മൊഴി നല്‍കി പോലിസുകാരും
തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ ഒഴിവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ പോലിസുകാരും മൊഴി നല്‍കി. കോവളത്ത് വച്ച് എംഎല്‍എ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പോലിസുകാര്‍ മൊഴി നല്‍കിയത്. കോവളം സ്‌റ്റേഷനിലെ രണ്ട് പോലിസുകാരുടെ മൊഴിയാണ് കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് പോലിസുകാര്‍ സ്ഥലത്തെത്തിയിരുന്നു. ഇവര്‍ ഭാര്യയാണെന്നു പറഞ്ഞാണ് എംഎല്‍എ പോലിസുകാരെ മടക്കി അയച്ചത്. എല്‍ദോസിനെതിരേ വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും പോലിസ് കേസെടുത്തിരുന്നു.
പീഡനപരാതി ഉന്നയിച്ച യുവതിയുടെ മൊഴി അനുസരിച്ചാണ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്. എംഎല്‍എയ്‌ക്കെതിരായ പീഡനപരാതിയില്‍ തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലിസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച തിരുവനന്തുപുരം പേട്ട ഭാഗത്തായിരുന്നു തെളിവെടുപ്പ്. ചൊവ്വാഴ്ച പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലും തെളിവെടുത്തു. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ഒളിസ്ഥലം കണ്ടെത്താനാവാതെ കുഴങ്ങുകയാണ് അന്വേഷണം സംഘം.
ബലാല്‍സംഗക്കുറ്റം ചുമത്തി കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എംഎല്‍എ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എംഎല്‍എയ്‌ക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ മറ്റൊരു പരാതി കൂടി ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷിയെ വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഒക്ടോബര്‍ 20നാണ് കോടതി വിധി പറയുക.