ഹരിദ്വാര്‍ വംശഹത്യ ആഹ്വാനം; അഞ്ചംഗ പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

Update: 2022-01-02 05:53 GMT

ഹരിദ്വാര്‍: ധര്‍മസന്‍സദില്‍ മുസ് ലിംകള്‍ക്കെതിരേ വംശഹത്യ ആഹ്വാനം നടത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പോലിസ് സൂപ്രണ്ടിന്റെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനടക്കം അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക. അന്വേഷണ സംഘം നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി സ്വീകരിക്കുകയെന്ന് ഡിഐജി കരന്‍സിങ് നഗ്നാല്‍ പറഞ്ഞു.

ഹരിദ്വാര്‍ ധര്‍മസന്‍സദില്‍ യതി നരസിംഹാനന്ദ്, സിന്ധു സാഗര്‍ തുടങ്ങി രണ്ട് പേരുകള്‍ കൂടി എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയതിനെതിരേ 295 എ എന്ന വകുപ്പുകൂടി കേസില്‍ ഉള്‍പ്പെടുത്തി.

ഹരിദ്വാറില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ മുസ് ലിംകള്‍ക്കെതിരേ ആക്രമണം നടത്താന്‍ പ്രാസംഗികര്‍ ആഹ്വാനം ചെയ്‌തെന്നാണ് കേസ്. ഡിസംബര്‍ 16ന് ഹരിദ്വാറില്‍ വേദ് നികേതന്‍ ധര്‍മിലാണ് പരിപാടി നടന്നത്. 

ഡിസംബര്‍ 17 നും 19നും ഇടയില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച 'ധര്‍മ്മ സന്‍സദി'ലാണ് മുസ്ലീങ്ങളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമുയര്‍ന്നത്. ഹിന്ദുത്വ സംഘടനകളുടെ വലിയ സമ്മേളനത്തില്‍, മുസ് ലിംകളെ കൂട്ടത്തോടെ കൊല്ലാന്‍ ഒന്നിലധികം പ്രഭാഷകര്‍ തുറന്ന ആഹ്വാനങ്ങള്‍ നടത്തി.

മുസ് ലിം വംശഹത്യയ്ക്കുള്ള ആഹ്വാനത്തിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പരിപാടി കഴിഞ്ഞ് നാല് ദിവസത്തിനുശേഷമാണ് പോലിസ് ഒരു കേസ് ഫയല്‍ ചെയ്തത്. അതില്‍ ഒരാളുടെ പേര് മാത്രമേ ചേര്‍ത്തിരുന്നുള്ളൂ. പിന്നീട് മറ്റ് പേരുകള്‍ കൂടി ഉള്‍പ്പെടുത്തി. നിങ്ങള്‍ക്ക് അവരെ അവസാനിപ്പിക്കണമെങ്കില്‍ അവരെ കൊല്ലണം. 20 ലക്ഷം പേരെ കൊല്ലാന്‍ കഴിയുന്ന 100 സൈനികര്‍ നമുക്ക് വേണമെന്നാണ് സാധ്വി അന്നപൂര്‍ണ പ്രസംഗിച്ചത്. വിദ്വേഷപ്രസംഗത്തില്‍ ഒരു തെറ്റുമില്ലെന്നാണ് പരിപാടിയുടെ സംഘാടകര്‍ പിന്നീട് പ്രതികരിച്ചത്. വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദു രക്ഷാസേനയുടെ പ്രബോധാനന്ദ് ഗിരിയപ്പോലുള്ളവരില്‍ പലരും ബിജെപി നേതാക്കള്‍ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പം ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നവരാണ്.

'മ്യാന്‍മറിനെപ്പോലെ, നമ്മുടെ പോലിസും രാഷ്ട്രീയക്കാരും സൈന്യവും, ഓരോ ഹിന്ദുവും ആയുധമെടുത്ത് വംശീയ ഉന്മൂലനം നടത്തണം. മറ്റ് വഴികളൊന്നുമില്ല.' പ്രബോധാനന്ദ് ഗിരി നടത്തിയ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.

യതി നരസിംഹാനന്ദിനെതിരേ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്.

Tags:    

Similar News