രാജ്യത്ത് 7 കൊവിഡ് വാക്‌സിനുകള്‍ കൂടെ പരീക്ഷണ ഘട്ടത്തിലെന്ന് ഹര്‍ഷ് വര്‍ധന്‍
ന്യൂഡല്‍ഹി: രാജ്യത്ത് 7 കൊവിഡ് വാക്‌സിനുകള്‍ കൂടെ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ഡല്‍ഹി ഹാര്‍ട്ട് ആന്റ് ലങ് ഇന്‍സ്റ്റിറ്റിയട്ടില്‍ തന്റെ രണ്ടാം കൊവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 7 കൊവിഡ് വാക്‌സിന്‍ കൂടെ പരീക്ഷണഘട്ടത്തിലുണ്ട്. അതില്‍ ചിലത് പരിശോധന അവസാനഘട്ടത്തിലാണ്. രണ്ട് ഡസന്‍ വാക്‌സിനുകള്‍ ക്ലിനിക്കല്‍ പരിശോധനയെത്തിയിട്ടില്ല.
കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ രാജ്യത്തെ 480 ജില്ലകളില്‍ ഒരൊറ്റ കൊവിഡ് കേസ് പോലും റിപോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിതമായ അവസ്ഥയിലാണെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും നൂതന്‍ ഗയോലും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു.
ഒന്നാമത്തെ ഡോസിനു ശേഷം തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് രണ്ട് വാസിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും. ഒക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാസെനക്കയും സഹകരിച്ചാണ് കൊവിഷീല്‍ഡ് നിര്‍മിച്ചത്. കൊവാക്‌സിന്‍ ബയോടെക്ക് തദ്ദേശീയമായി നിര്‍മിച്ചതാണ്.