മാള കൃഷിപാഠശാലയിലെ കരനെല്‍ കൃഷി വിളവെടുപ്പ്നടത്തി

Update: 2021-12-16 14:16 GMT

മാള: സമാന്തര കൃഷിപഠന പദ്ധതിയായ കൃഷിപാഠശാലയിലെ കരനെല്‍ കൃഷി വിളവെടുപ്പ് തൃശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ മികച്ച കുട്ടികര്‍ഷകനുള്ള കാഷ് അവാര്‍ഡും പുരസ്‌കാരവും വി എസ് അവശാസിന് അദ്ദേഹം കൈമാറി. 

വിദ്യാലയത്തിലെ ജീവാമൃതം ഹരിത ക്ലബിന്റെ ലോഗോ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ഫ്രാന്‍സിസ് പ്രകാശനം ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗം ജീജ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് സനില്‍കുമാര്‍, കാടുകുറ്റി കൃഷി ഓഫീസര്‍ നീതു വര്‍ഗ്ഗീസ്, പ്രധാനധ്യാപകന്‍ ദീപു എന്‍ മംഗലം, കെ മനോജ്കുമാര്‍, കെ ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു. കാണിച്ചാന്തുറയുടെ തീരത്ത് 50 സെന്റ് കരഭൂമിയില്‍ ശ്രേയസ് ഇനത്തില്‍പ്പെട്ട വിത്താണ് വിതച്ചത്. എല്ലാ ആഴ്ചയിലും കുട്ടികള്‍ ചെറു സംഘമായി എത്തുകയും കൃഷിയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. 

കൂടാതെ വൈന്തല പാടത്തെ പൂര്‍ണമായും കൃഷിയോഗ്യമാക്കുന്നതിനും തുറയെ സംരക്ഷിച്ച് ജലസേചനം, ഗ്രാമീണ ടൂറിസം എന്നിവക്കായി പദ്ധതി തയ്യാറാക്കി കുട്ടികള്‍ ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചു. പദ്ധതി പരിഗണിക്കുമെന്ന് പി കെ ഡേവിസ് പറഞ്ഞു. 

Similar News