പി സി അബ്ദുല്ല
കല്‍പ്പറ്റ: വിഭാഗീയതകള്‍ക്കതീതമായി എല്ലാവരാലും ആദരിക്കപ്പെടുന്ന പി ഹസന്‍ മൗലവി ബാഖവിയെന്ന ഹസന്‍ ഉസ്താദിന്റെ വയനാട്ടിലെ പ്രബോധന ജീവിതത്തിന് അര നൂറ്റാണ്ട്. പല കാരണങ്ങളാല്‍ സമുദായത്തിനകത്തും പുറത്തും പണ്ഡിതര്‍ വിമര്‍ശിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് സര്‍വ്വര്‍ക്കും സ്വീകാര്യമായ വ്യക്തിത്വമാണെന്നതാണ് ഹസന്‍ മൗലവിയുടെ സവിശേഷത.
പരമ സാത്വികനായ പണ്ഡിത പ്രതിഭ. സൗമ്യ പ്രകാശം. മലപ്പുറം കരുവാരക്കുണ്ടിനടുത്ത നീലാഞ്ചേരി സ്വദേശി. പരേതരായ പൂങ്കുഴി അഹ്മദ്കുട്ടി, ബിയ്യ ദമ്പതികളുടെ മകന്‍.
1971ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം നേടി മുദര്‍രിസായി വയനാട്ടിലെത്തി. കണിയാമ്പറ്റയിര്‍ പതിനൊന്നു വര്‍ഷം ദര്‍സ് നടത്തി. പിന്നീട് വെളിമണ്ണയില്‍ അഞ്ചു വര്‍ഷം. വെളിണ്ണയില്‍ നിന്ന് വെള്ളമുണ്ടയിലേക്ക്. നീണ്ട മുപ്പതു വര്‍ഷം വെള്ളമുണ്ടയില്‍ മുദര്‍രിസ്.
2015ല്‍ കല്യാണത്തും പള്ളിക്കലിനടുത്ത് മദീനതുന്നസ്വീഹ വിദ്യാഭ്യാസ സംരംഭം ആരംഭിച്ചു. ശരീഅത്ത് കോളജടക്കമുള്ള നസ്വീഹ സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറിയാണിപ്പോള്‍. വയനാടിനകത്തും പുറത്തു നിന്നുമുള്ള പഠിതാക്കള്‍.
അവിഭക്ത സമസ്തയുടെ വയനാട് ജില്ലാ പ്രസിഡന്റായിരിക്കെ സമസ്ത പിളര്‍ന്നു. തുടക്കത്തില്‍ ഇരു ഭാഗത്തും കക്ഷിചേരാതെ ഹസന്‍ മൗലവി മാറി നിന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ പുനഃസംഘടിപ്പിച്ച എ പി വിഭാഗം സമസ്തയുടെ ജില്ലാ പ്രസിഡന്റായി ഹസന്‍ മൗലവിയെ തിരഞ്ഞെടുത്തെങ്കിലും ചുമതലയേല്‍ക്കാന്‍ ആദ്യം വൈമനസ്യം പ്രകടിപ്പിച്ചു. ഒടുവില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ നേരിട്ട് അനുനയത്തിനെത്തിയപ്പോള്‍ ഒഴിഞ്ഞുമാറാനായില്ലെന്ന് ഹസന്‍ മൗലവി ഓര്‍ക്കുന്നു.
എപി സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടേയും സമുന്നത നേതൃസ്ഥാനം അലങ്കരിക്കുമ്പോള്‍ത്തന്നെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടവരുത്താത്ത വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നുവെന്നതില്‍ തീരുന്നില്ല ഹസന്‍ മൗലവിയുടെ സവിശേഷതകള്‍. ഇരു സുന്നി വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയും കാലൂഷ്യവും മൂര്‍ഛിച്ച ഘട്ടങ്ങളിലും ഇകെ സമസ്തയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള മഹല്ല് ജമാഅത്തുകളുടെ കീഴിലാണ് എപി സമസ്ത നേതാവായ ഹസന്‍ മൗലവി ഒരു അപശബ്ദത്തിനുമിടവരുത്താതെ അഞ്ചു പതിറ്റാണ്ട് മുദര്‍രിസായി ജോലി ചെയ്തത് എന്നത് അദ്ദേഹത്തിന്റെ പൊതു സ്വീകാര്യതക്കു തെളിവാണ്.
ഇകെ സുന്നി പ്രവര്‍ത്തകരും ഇതര വിഭാഗങ്ങളും സര്‍വ്വസമ്മതനായി ആദരിക്കുന്ന അപൂര്‍വ്വം പണ്ഡിതരില്‍ ഹസന്‍ ഉസ്താദ് മുന്‍ഗണനീയനാണ്. വിനയം, ലാളിത്യം, പ്രതിബദ്ധത, നാട്യമില്ലായ്മ, സുതാര്യത തുടങ്ങി നാടുനീങ്ങിയ നന്‍മകളെല്ലാം ഹസന്‍ ഉസ്താദില്‍ സമന്വയിച്ചിരിക്കുന്നു.
സത്യത്തിന്റെ പക്ഷത്തു നില്‍ക്കാന്‍ പരിസരമോ കപടമായ ഔചിത്യമോ അദ്ദേഹത്തിന് തടസ്സമാവാറില്ല.
തിരുവനന്തപുരം പാളയം ഇമാമായിരുന്ന പണ്ഡിതന്‍ വയനാട്ടില്‍ ആദ്യമായി പങ്കെടുത്ത തരുവണയിലെ ഒരു പരിപാടി. അധ്യക്ഷന്‍ ഹസന്‍ മൗലവി ആയിരുന്നു. പ്രഭാഷണത്തിനിടെ ആള്‍ക്കൂട്ടത്തില്‍ അഭിരമിച്ച് ആവേശം കയറിയ പിഎഛ് അബ്ദുല്‍ ഗഫാര്‍ മൗലവി സ്ത്രീധന സംബന്ധമായി ഒരു പ്രയോഗം നടത്തി. ഉടനെ ഹസന്‍ മൗലവി എഴുനേറ്റു. സ്ത്രീധനം അങ്ങേയറ്റം നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും എന്നാല്‍ താങ്കള്‍ പറഞ്ഞ വാക്കുകള്‍ പ്രാമാണികമല്ലെന്നും ഹസന്‍ മൗലവി തുറന്നടിച്ചു.
സദസ്സ് അമ്പരന്നു. ഗഫാര്‍ മൗലവി അപ്പോള്‍ത്തന്നെ പരാമര്‍ശം തിരുത്തുകയും സദസ്സിനോട് ക്ഷമ പറയുകയും ചെയ്തു. പണ്ഡിതര്‍ വാക്കുകളില്‍ സൂഷ്മത പുലര്‍ത്തേണ്ടതിന്റെ ഗുണപാഠമെന്ന നിലയില്‍ ഹസന്‍ മൗലവിയില്‍ നിന്നുള്ള ആ അനുഭവം ഗഫാര്‍ മൗലവി പല വേദികളിലും പിന്നീട് പങ്കുവച്ചു.
75 കാരനായ ഹസന്‍ ഉസ്താദിന് വിശ്രമം എന്തെന്നറിയില്ല. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് ആനയിക്കപ്പെടുമ്പോഴും ഒരു ദിവസവും ദര്‍സ് മുടങ്ങാതിരിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ പ്രഥമ പരിഗണന.