400 കോടിയുടെ കള്ളപ്പണ ഇടപാട്; ആര്‍എസ്എസ് നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: 400 കോടി രൂപയുടെ കള്ളപ്പണ ഇടപാടില്‍ ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുക, ബിജെപി നേതാവ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ മാര്‍ച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ നിസാറുദ്ദീന്‍ ബാഖവി ഉദ്ഘാടനം ചെയ്തു.
കൊടകരയില്‍ നിന്നും കണ്ടെടുത്ത ഹവാല പണത്തിന്റെ അന്വേഷണം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച 400 കോടിയില്‍ എത്തി നില്‍ക്കുകയാണ്. ഉന്നത ആര്‍എസ്എസ് ബിജെപി നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി വ്യക്തമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണം. തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യണമെന്നും നിസാറുദ്ദീന്‍ ബാഖവി ആവശ്യപ്പെട്ടു.
മാര്‍ച്ചില്‍ ജില്ല സെക്രട്ടറി നവാസ്, ജില്ലാകമ്മിറ്റിയംഗങ്ങളായ കരമന സലിം, റാഫി, സെയ്ദലി തുടങ്ങിയവര്‍ സംബന്ധിച്ചു. പാളയത്ത് നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു.