എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു; ജോലിസമ്മര്‍ദ്ദമെന്ന് ആരോപണം

ഗോമതി നഗറിലെ വിഭുതി ഖാന്ദ് ശാഖയിലെ അഡീഷനല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായ സദഫ് ഫാത്തിമ (43)യാണ് മരിച്ചത്

Update: 2024-09-25 08:00 GMT

ലഖ്നോ: ലഖ്നോവില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു. ഗോമതി നഗറിലെ വിഭുതി ഖാന്ദ് ശാഖയിലെ അഡീഷനല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായ സദഫ് ഫാത്തിമ (43)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഓഫിസിനുള്ളില്‍ കസേരയിലിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലിസമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് ആരോപണം.

രാജ്യത്തെ സാമ്പത്തിക സമ്മര്‍ദത്തിന്റെ പ്രതീകമാണ് സദഫ് ഫാത്തിമ എന്ന് സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് എംപി പറഞ്ഞു. ''എല്ലാ കമ്പനികളും സര്‍ക്കാര്‍ വകുപ്പുകളും ഇക്കാര്യത്തില്‍ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട് ഇത് രാജ്യത്തിന്റെ മാനവവിഭവശേഷിക്ക് നികത്താനാവാത്ത നഷ്ടമാണ്. ഏതൊരു രാജ്യത്തിന്റെയും പുരോഗതിയുടെ യഥാര്‍ഥ അളവുകോല്‍ സേവനങ്ങളുടെയോ ഉല്‍പ്പന്നങ്ങളുടെയോ കണക്കുകളിലെ വര്‍ധനവല്ല, മറിച്ച് ഒരു വ്യക്തി എത്രമാത്രം മാനസികമായി സ്വതന്ത്രനും ആരോഗ്യവാനും സന്തുഷ്ടനുമാണ് എന്നാണ്'' അഖിലേഷ് യാദവ് പറഞ്ഞു.

സംസാരിക്കാന്‍ പോലും അവകാശമില്ലാത്തതിനാല്‍ താല്‍ക്കാലിക ജീവനക്കാരെക്കാള്‍ മോശമാണ് സ്ഥിരം ജോലിക്കാരുടെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ നിര്‍ദേശങ്ങള്‍ നല്‍കുകയല്ല, മറിച്ച് പ്രശ്നം പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഏണസ്റ്റ് ആന്‍് യങ് കമ്പനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലി സമ്മര്‍ദ്ദം കാരണം മരിച്ചതിനു പിന്നാലെയാണ് മറ്റൊരു യുവതി കൂടി സമാന സാഹചര്യത്തില്‍ മരണപ്പെട്ടതായി ആരോപണമുയരുന്നത്.


Tags:    

Similar News