ഇസ്‌ലാമിക നവോത്ഥാനം: പാശ്ചാത്യരുടെ വികലവാദങ്ങള്‍
ഇസ്‌ലാമിക നവോത്ഥാനം സംബന്ധിച്ചുള്ള പാശ്ചാത്യ സാമൂഹികശാസ്ത്ര പഠനങ്ങള്‍ നിരൂപണം ചെയ്യുമ്പോള്‍ ചില സൈദ്ധാന്തിക സമീപനങ്ങള്‍ അനാവൃതമാവുന്നു. ആധുനികവല്‍ക്കരണം അഥവാ സാമ്പത്തിക വികസനം, സാംസ്‌കാരിക പഠനങ്ങള്‍, ജനകീയമായ അസംതൃപ്തി, ജനകീയ സംഘാടനം എന്നിവയാണവ. അവയുടെ പ്രധാന സ്വഭാവങ്ങള്‍ എന്താണെന്നാണ് പരിശോധിക്കുകയാണ് ഡോ. ദീനാ അബ്ദുല്‍ ഖാദര്‍ തന്റെ പുസ്തകത്തിലൂടെ- പ്രസക്ത ഭാഗങ്ങള്‍
ഡോ. ദീനാ അബ്ദുല്‍ ഖാദര്‍
വിവര്‍ത്തനം: കലീം
മധ്യപൗരസ്ത്യത്തിലെ പല രാജ്യങ്ങളിലും കാണുന്ന ദേശീയവും അന്തര്‍ദേശീയവുമായ സാഹചര്യങ്ങള്‍ പ്രത്യക്ഷമായ ഇസ്‌ലാമിക പ്രവര്‍ത്തനത്തിലേക്കു നയിച്ചിട്ടുണ്ട്. ഇസ്‌ലാമിക പുനരുത്ഥാനം എന്നാണ് അതു വിശേഷിപ്പിക്കപ്പെടുന്നത് (പുനരുത്ഥാനം എന്ന പദം ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പിന്നോട്ടുവലിക്കുന്ന കൂട്ടായ്മകളാണെന്ന തെറ്റായ സൂചനയാണ് നല്‍കുന്നത്. ഇസ്‌ലാമിക സക്രിയത എന്നതാണ് കൂടുതല്‍ നിഷ്പക്ഷമായ പ്രയോഗം). ഈ പഠനം മതത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം ജനതയ്ക്കുള്ള പ്രതീക്ഷകളും ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ വര്‍ത്തമാനകാല ആവിഷ്‌കാരങ്ങളും തമ്മിലുള്ള ബന്ധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാമൂഹികനീതി സംബന്ധിച്ച ഇസ്‌ലാമിന്റെ അടിസ്ഥാന സങ്കല്‍പ്പം എന്തെന്നറിയാനും മുസ്‌ലിം ജനതയുടെ മതകീയമായ പ്രതീക്ഷകള്‍ സുഗ്രഹമാക്കാനും ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനുള്ള ആഹ്വാനങ്ങളിലൊക്കെ, ഭരണമാറ്റത്തിന്റെ നിയമസാധ്യതയും ന്യായീകരണവും ഉറപ്പാക്കുന്നത് ശരീഅഃക്ക് മുഖ്യ പ്രാധാന്യം നല്‍കിക്കൊണ്ടാണ്. ഭരണകൂടത്തെ സംബന്ധിച്ച് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ധാരാളം പ്രതിപാദനങ്ങളുണ്ട്. എന്നാല്‍ ശരീഅഃയുടെ ഉന്നത ലക്ഷ്യങ്ങളിലാണ് ഞാന്‍ കൂടുതലൂന്നുന്നത്.
ശരീഅഃയില്‍ നിയമത്തിനു നാലു സ്രോതസ്സുകളുണ്ട്: ഖുര്‍ആന്‍, ഹദീസും പ്രവാചകചര്യയും, ഇജ്മാഅ്, ഖിയാസ് എന്നിവയാണവ. ഖിയാസ് എന്നാല്‍ യുക്തിചിന്തയിലൂടെയുള്ള നിയമവ്യാഖ്യാനമാണ്. ശരീഅഃ രൂപപ്പെടുന്നതില്‍ ഇജ്തിഹാദിനും റഅ്‌യിനും (അഭിപ്രായങ്ങള്‍) പ്രാധാന്യമുണ്ട്. അതു നാമറിയുന്നത് ഖിയാസിലൂടെയാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ മതപണ്ഡിതന്മാര്‍ ഖിയാസിനെക്കുറിച്ചു സജീവമായി സംവദിച്ചിട്ടുണ്ട്. അതിന്റെ തന്നെ വിപുലീകരണമാണ് ശരീഅഃയുടെ ഉന്നതലക്ഷ്യങ്ങളുടെ (മഖാസിദ്) നിര്‍വചനത്തിലെത്തിയത്.
മഖാസിദിന്റെ സങ്കല്‍പ്പത്തിലുള്ള സാമൂഹിക നീതിയുടെ തത്ത്വങ്ങള്‍ നടപ്പാക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെടുമ്പോഴാണ് ഇസ്‌ലാമിക പ്രവര്‍ത്തനം ശക്തമാവുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. പല മുസ്‌ലിം രാജ്യങ്ങളിലും ഇസ്‌ലാമികമായ സക്രിയത കൂടുതല്‍ ജനപ്രിയമാവുന്ന ഒരു സാമൂഹിക പ്രതിഭാസമാണ്. അതേയവസരം പലയിടത്തും മതേതരരും ഇസ്‌ലാമിക പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കു ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം സ്വാധീനമുണ്ടെന്നും അവയുടെ ജനപ്രിയതയ്ക്കു കാരണം ഭരണകൂട പരാജയമാണോ എന്നും ഈ പഠനം പരിശോധിക്കുന്നു. ഇസ്‌ലാമിക പ്രവര്‍ത്തനം പല നിറങ്ങളുള്ളവയാണ്. ചിലത് തീര്‍ത്തും സമാധാനപരമായതാണെങ്കില്‍ മറ്റുചിലത് ഭരണാധികാരികളുടെ നേരെയുള്ള ആക്രമണത്തിനു മുതിരുന്നു. ചിലതാവട്ടെ പാശ്ചാത്യ താല്‍പ്പര്യങ്ങള്‍ക്കു നേരെ ഭീഷണിയുയര്‍ത്തുന്നു.
ശരീഅഃയുടെ ഭാഗമാണ് സാമൂഹിക നീതി. ശരീഅഃ രൂപപ്പെടുന്നത് ഖുര്‍ആനില്‍നിന്നും പ്രവാചകചര്യയില്‍ നിന്നുമാണ്. അതിന്റെ ചൈതന്യത്തിനു പില്‍ക്കാലത്ത് കര്‍മശാസ്ത്രജ്ഞര്‍ ശക്തിപകര്‍ന്നു. ശരീഅഃയുടെ സത്തയെന്തെന്നു പഠിച്ച പണ്ഡിതന്മാര്‍ അതിന്റെ നിയമങ്ങള്‍ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും ഉറപ്പുവരുത്തുന്നു എന്നു നിരീക്ഷിക്കുന്നു. ഈ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും പിന്നീട് ക്രോഡീകരിക്കപ്പെട്ടു. മഖാസിദിന്റെ പ്രധാന പ്രമാണങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാഷ്ട്രം കാണിക്കുന്ന ശുഷ്‌കാന്തിയാണ് ഭരണത്തിന്റെ കാര്യക്ഷമതയുടെ അളവുകോല്‍.
ഇസ്‌ലാമിക നവോത്ഥാനം സംബന്ധിച്ചുള്ള പാശ്ചാത്യ സാമൂഹികശാസ്ത്ര പഠനങ്ങള്‍ നിരൂപണം ചെയ്യുമ്പോള്‍ ചില സൈദ്ധാന്തിക സമീപനങ്ങള്‍ അനാവൃതമാവുന്നു. ആധുനികവല്‍ക്കരണം അഥവാ സാമ്പത്തിക വികസനം, സാംസ്‌കാരിക പഠനങ്ങള്‍, ജനകീയമായ അസംതൃപ്തി, ജനകീയ സംഘാടനം എന്നിവയാണവ. ഈ സമീപനങ്ങള്‍ പരസ്പരം കവിഞ്ഞുകിടക്കുന്നുവെങ്കിലും അപഗ്രഥിക്കുന്നതിന് അവയുടെ പ്രധാന സ്വഭാവങ്ങള്‍ എന്താണെന്നാണ് ഞാന്‍ പരിശോധിക്കുന്നത്.
സിദ്ധാന്തമന്വേഷിക്കുന്ന ഇസ്‌ലാമിക സക്രിയത
ഇസ്‌ലാമിക സക്രിയത ഒരു സാമൂഹിക പ്രതിഭാസമാണെന്നു വിശദീകരിക്കുന്നതിനു പാശ്ചാത്യ പണ്ഡിതന്മാര്‍ പല സൈദ്ധാന്തിക സമീപനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ആധുനികവല്‍ക്കരണം അഥവാ സാമ്പത്തിക വികസനം എന്ന ആശയത്തെ ആലംബമാക്കിക്കൊണ്ട് ഈ പ്രതിഭാസത്തെ പഠിക്കുന്നവര്‍ മുസ്‌ലിം സമൂഹങ്ങളില്‍ ആധുനികവല്‍ക്കരണമുണ്ടാക്കുന്ന മാറ്റങ്ങള്‍ പരിശോധിക്കുകയും വികസന സാധ്യതകള്‍ നിരീക്ഷിക്കുകയും ചെയ്യുന്നു. നേരത്തേ സൂചിപ്പിച്ച പോലെ പാശ്ചാത്യരുടെ അപഗ്രഥന രീതികള്‍ ഇടകലര്‍ന്നു നില്‍ക്കുന്നുവെങ്കിലും ചില ഘടകങ്ങള്‍ക്ക് അവ നല്‍കുന്ന പ്രാധാന്യം വ്യത്യസ്തമാണ്. മാത്രമല്ല, ചില വശങ്ങള്‍ക്ക് ഓരോ സമീപനവും നല്‍കുന്ന ശ്രദ്ധയിലും അന്തരങ്ങളുണ്ട്.
എന്റെ പഠനം മുസ്‌ലിം ജനപദങ്ങളുടെ സാംസ്‌കാരികവും ചരിത്രപരവുമായ ഘടകങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രചോദന കേന്ദ്രങ്ങളാണെന്ന വാദത്തിന്നടിവരയിടുന്നു. തങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥകളില്‍നിന്നു മുസ്‌ലിം സമൂഹങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷിക്കുമ്പോള്‍ വികസനത്തിന്റെ വിവക്ഷകള്‍ വേര്‍തിരിക്കാന്‍ പറ്റും. അതിന് ആദ്യം വേണ്ടത് 'പുനരുത്ഥാനം' സംബന്ധിച്ചു പാശ്ചാത്യ വിശകലനങ്ങള്‍ നിരൂപണം ചെയ്യുകയാണ്.
ഇന്നു ലഭ്യമായ പഠനങ്ങള്‍, അവയുടെ നിയാമികനിലപാടുകളുടെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാം. ഒരു വിഭാഗം ഗവേഷകര്‍ മുസ്‌ലിം ജനവിഭാഗങ്ങളോടും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളോടും അനുതാപമുള്ളവരാണ്. രണ്ടാമത്തെ വിഭാഗം ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ അക്രമാസക്തമാണെന്നാരോപിച്ച് അവയെ പുച്ഛിക്കുന്നു.
എഡ്മണ്ട് ബര്‍ക്കും ഐറാ എം ലാവിഡസും എഴുതുന്നു. ''(ഈ പഠന മേഖലയെ) രൂപപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഒരു ഘടകത്തെക്കുറിച്ചു സൂചിപ്പിക്കുന്നത് ഉചിതമാണ്. ഇസ്‌ലാമിക സമൂഹങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെക്കുറിച്ച പഠനങ്ങളുടെ ജ്ഞാനശാസ്ത്ര ഭൂമിക കുപ്രസിദ്ധമാംവിധം ചതുപ്പുകളുള്ളതും ഇടയ്ക്കു വന്‍കുഴികള്‍ രൂപപ്പെടുന്നതുമാണ്. പിറകോട്ടു നോക്കുമ്പോള്‍ മാത്രമേ ഈ മേഖലയിലെ പ്രവണതകള്‍ കാണാന്‍ പറ്റൂ. കാരണം, നാമെല്ലാം നിലവിലുള്ള സമീപനത്തിന്റെ തടവുകാരാണ്. ഇസ്‌ലാമിക പുനരുത്ഥാനം എന്നു പറയപ്പെടുന്ന പ്രതിഭാസം വിശദീകരിക്കുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ ഇസ്‌ലാമിനെപ്പറ്റി ആഴത്തില്‍ വേരോടിയ ഭയങ്ങളും മായാക്കാഴ്ചകളും പ്രത്യക്ഷപ്പെടാതിരിക്കില്ല. മുസ്‌ലിം അപരനെപ്പറ്റിയുള്ള വ്യവഹാരം രാഷ്ട്രീയ നിബിഢമാണ്.
ഇസ്‌ലാമിക സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അമുസ്‌ലിംകളില്‍ നിന്നുള്ള അനുഭാവപൂര്‍ണമായ വിലയിരുത്തല്‍ തിരസ്‌കരിക്കുകയല്ല. സാംസ്‌കാരികമായി പുറത്തുള്ളവരുടെ വീക്ഷണങ്ങള്‍ അകത്തുള്ളവരുടെ അഭിപ്രായങ്ങളില്‍ നിന്നു വ്യത്യസ്തമാവാതിരിക്കില്ല. എന്നാല്‍, അതുകൊണ്ടുമാത്രം അവയെ വിലകുറച്ചു കാണാന്‍ പറ്റില്ല. ഈ പരിമിതികളില്‍നിന്നു പൂര്‍ണമായും വിട്ടുനില്‍ക്കുക സാധ്യമല്ലെങ്കിലും രീതിശാസ്ത്രപരമായ അവബോധം അനിവാര്യമാണ്.'' ഈ ഗ്രന്ഥകാരന്മാര്‍ സൂചിപ്പിക്കുന്ന രീതിശാസ്ത്രപരമായ അവബോധം ആധുനികവല്‍ക്കരണം സബന്ധിച്ച അന്വേഷണങ്ങളെക്കാള്‍ സാംസ്‌കാരിക പഠനങ്ങളിലാണ് കൂടുതല്‍ കാണുക.
ആധുനികവല്‍ക്കരണം
മുസ്‌ലിം സമൂഹങ്ങളിലെ ആധുനികവല്‍ക്കരണം സംബന്ധിച്ച പാശ്ചാത്യ പഠനങ്ങള്‍ പ്രധാനമായും 1990കളില്‍ 'മൂന്നാം ലോകരാഷ്ട്രങ്ങള്‍' അഭിമുഖീകരിച്ച സാമ്പത്തിക ദുരിതങ്ങളുമായി ബന്ധപ്പെട്ടതാണ്. ആധുനികതയുടെ സാര്‍വജനീനമായ പ്രതിസന്ധിയും അതുണ്ടാക്കുന്ന ശിഥിലീകരണവും ഇസ്‌ലാമിക സക്രിയതയ്ക്കു വഴിവച്ചുവെന്ന വാദം അവയില്‍ മുഴച്ചുനില്‍ക്കുന്നു. പക്ഷേ, അപ്പോള്‍ ആ പ്രതിഭാസത്തിന്റെ അന്തര്‍ധാര ഇസ്‌ലാമാണെന്ന കാര്യം ഗവേഷകര്‍ വിസ്മരിക്കുന്നു. യഥാര്‍ഥത്തില്‍ അവര്‍ പല മൂന്നാം ലോക നാടുകള്‍ക്കും പൊതുവില്‍ കാണുന്ന പ്രശ്‌നങ്ങളെ ഒരുപോലെ കൈകാര്യം ചെയ്യുകയായിരുന്നു.
ഈയൊരു വീക്ഷണത്തിന്റെ ഉദാഹരണമാണ് ബ്രിട്ടിഷ് പണ്ഡിതനായ ജയിംസ് പി. പിസ്‌കറ്ററിയുടെ രചനകള്‍. അദ്ദേഹമെഴുതുന്നു: ''1967ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തിലേറ്റ പരാജയം നേതൃത്വം നഷ്ടപ്പെട്ട അറബികളുടെ മാത്രമല്ല, വിശുദ്ധ നഗരമായ ജറുസലേം നഷ്ടപ്പെട്ട മുസ്‌ലിംകളുടെയും മനോവീര്യം തകര്‍ത്തു. വികസന പ്രക്രിയയും ഈ തകര്‍ച്ചയ്ക്കു വഴിവച്ചിട്ടുണ്ട്. രണ്ടുതരത്തിലുള്ള പുനരുത്ഥാനത്തിനാണത് പ്രചോദനമായത്. രാഷ്ട്രീയ-സാമൂഹിക ഘടനയെ അതു ദുര്‍ബലമാക്കി. ആ സാഹചര്യത്തില്‍ ഒരു വിഭാഗം പരമ്പരാഗത പ്രതീകങ്ങളിലും ആചാരങ്ങളിലും ആശ്വാസവും അഭിവിന്യാസവും കണ്ടെത്തി. രണ്ടാമതായി ദേശീയവും അന്തര്‍ദേശീയവുമായ വിവരവിനിമയത്തിന്നത് വേഗം വര്‍ധിപ്പിച്ചു.
മുസ്‌ലിംകള്‍ പൊതുവില്‍ ആധുനികത സാര്‍വജനീനമായുണ്ടാക്കിയ പ്രതിസന്ധിയില്‍പ്പെട്ടുഴറിയത് പുനരുജ്ജീവനത്തിന് ഊര്‍ജ്ജം നല്‍കി.
ഈ സമൂഹങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന നിലയില്‍ ഇസ്‌ലാമിനുള്ള പ്രാധാന്യം ഉയര്‍ത്തിക്കൊണ്ടുവന്നു. പൊതുസ്ഥാപനങ്ങള്‍ കുറഞ്ഞ, തിരഞ്ഞെടുക്കപ്പെടാത്തവര്‍ അധീശത്വം സ്ഥാപിച്ച ഈ സമൂഹങ്ങളില്‍ അധികാരം കൈയാളുന്നവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ നിയമസാധുത ആവശ്യമായിരുന്നു എന്നതും പ്രധാന ഘടകമായിരുന്നു.''
ചരിത്രകാരന്മാരായ അലി ദസുഖിയും അലക്‌സാണ്ടര്‍ കഡ്‌സിയും ഏതാണ്ട് ഇതേ കാരണങ്ങള്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. ദസുഖിയോട് യോജിച്ചുകൊണ്ട് അമേരിക്കന്‍ രാഷ്ട്രമീമാംസകനായ പി.ജെ. വാട്ടികിയോട്ടിസ് എഴുതുന്നു: ''ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും (പടിഞ്ഞാറുനിന്നു) പറിച്ചുനട്ട ആധുനികതയുടെ ചില ഘടകങ്ങളും അലങ്കാരങ്ങളുമുണ്ടാക്കിയ സാമൂഹിക മാറ്റം സൃഷ്ടിച്ച അസന്തുഷ്ടിയും ഇസ്‌ലാമിന്റെ മൂല്യങ്ങളും ധാര്‍മികതയും ഊന്നിപ്പറയുന്ന ഇസ്‌ലാമിക നവോത്ഥാനത്തിനു വഴിവച്ചു.'' എന്നാല്‍, ആര്‍.എം. ബുറെല്‍ ജനസംഖ്യാ സ്‌ഫോടനം എന്ന ഒരു ഘടകംകൂടി സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹമെഴുതുന്നു: ''ഗ്രാമങ്ങളില്‍നിന്നു നഗരങ്ങളിലെ ചേരികളിലെത്തിയവര്‍ പലതരം ദുരിതങ്ങള്‍ നേരിടേണ്ടിവന്നു. അവര്‍ക്കു പഴയ സുഹൃത്തുക്കളും ജീവിതരീതിയും നഷ്ടപ്പെട്ടിരുന്നു. മോക്ഷം വാഗ്ദാനം ചെയ്യുന്ന മതവിശ്വാസം വേരറ്റുപോയ സമുദായങ്ങളുടെ ഒരു പ്രധാന സ്വഭാവമായി. വികസനവും ആധുനികവല്‍ക്കരണവും ഇസ്‌ലാമിക പ്രവര്‍ത്തനത്തിനു വഴിവച്ചുവെന്നു കരുതുന്നവരില്‍ ഇന്ത്യന്‍ വംശജനായ ദിലീപ് ഹിറോയുമുണ്ട്. ചേരികളില്‍ അടിഞ്ഞുകൂടിയ ഇനങ്ങള്‍ വിപ്ലവകാരികളെ ശ്രദ്ധിക്കാന്‍ തയ്യാറായി എന്നും അന്യവല്‍ക്കരിക്കപ്പെട്ടവരെയും ദരിദ്രരെയും ഇസ്‌ലാമിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ അവര്‍ ശ്രമിച്ചുവെന്നും ഹിറോ എഴുതുന്നു. ബര്‍ക്കും ലാപിഡസും മൂന്നുതരം മാറ്റങ്ങളാണ് ഇസ്‌ലാമിക നവോത്ഥാനത്തിന് ഊന്നല്‍ നല്‍കിയതെന്നു എഴുതുന്നു:
1. കൊളോണിയലിസത്തിനെതിരേ പ്രാദേശികമായുണ്ടായ ചെറുത്തുനില്‍പ്പ്.
2. ലോക കമ്പോള വ്യവസ്ഥ മേഖലയെ ബന്ധപ്പെടുത്തിയ നീക്കങ്ങള്‍.
3. യൂറോപ്യന്‍ മേല്‍ക്കോയ്മയുടെ ഏജന്റുമാരാണെന്നു കരുതപ്പെട്ട മേഖലയിലെ ഭരണവര്‍ഗം നേരിട്ട നിയമസാധുതയുടെ പ്രശ്‌നങ്ങള്‍.
ഈ ഗ്രന്ഥകാരന്മാര്‍ക്കൊക്കെ സമാനമായ പിഴച്ച ധാരണകളുണ്ടായിരുന്നു. അവ താഴെ:
1. ഇസ്‌ലാമിക പ്രവര്‍ത്തനം ഒരു പ്രതിസന്ധിയുടെ ഉല്‍പ്പന്നമാണ്. വികസനം, രാഷ്ട്രീയമാറ്റം, ആധുനികവല്‍ക്കരണം, പെട്ടെന്നുള്ള സാമ്പത്തിക പരിവര്‍ത്തനം, നഗരവല്‍ക്കരണം എന്നിവയാണ് ആ പ്രതിസന്ധി സൃഷ്ടിച്ചത്. ഒരു പ്രതികരണം മാത്രമായി ഇസ്‌ലാമിക ജാഗരണത്തെ വിലയിരുത്തിയ അവര്‍ അതിനെ പിന്തിരിപ്പനും ആധുനികവല്‍ക്കരണ വിരുദ്ധവുമെന്നു വിലയിരുത്തി. ശാസ്ത്രലബ്ധമായ യുക്തിക്കും സാങ്കേതിക പുരോഗതിക്കും സാമൂഹിക-സാമ്പത്തിക വളര്‍ച്ചയ്ക്കും എതിര് നില്‍ക്കുന്ന മൂരാച്ചികളും പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നവരുമായി ഇസ്‌ലാമിക പ്രവര്‍ത്തകര്‍.
2. ഇസ്‌ലാമിക പ്രവര്‍ത്തകര്‍, ധാര്‍മികവും പ്രത്യയശാസ്ത്രപരവുമായ ആശയക്കുഴപ്പവും നിരാശയും ബാധിച്ചവരും പേരില്ലാത്തവരും അന്യവല്‍ക്കരിക്കപ്പെട്ടവരും ദിക്ക് തിരിയാത്തവരുമായ ജനക്കൂട്ടമായിരുന്നു. മുന്‍ധാരണകളുടെ ഭാരമുള്ള വ്യവഹാരമായിരുന്നു ഈ ഗവേഷകരെ നിയന്ത്രിച്ചിരുന്നത്. ഇസ്‌ലാമിക പ്രവര്‍ത്തനം വഴിപിഴച്ച, സാമൂഹികമായ ആകുലതയുള്ള പ്രത്യയശാസ്ത്ര കാര്യക്ഷമതയില്ലാത്ത ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നു സ്ഥാപിക്കാനുള്ള തിടുക്കം അവരില്‍ കണ്ടിരുന്നു. ഇത്തരം നിലപാടുകളിലൂടെ മുസ്‌ലിം സമൂഹങ്ങളുടെ ചരിത്രത്തില്‍ കാണാത്ത ഒരു വ്യതിചലനമാണെന്ന വീക്ഷണമാണ് അവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ധൃതിപിടിച്ചുള്ള ആധുനികവല്‍ക്കരണ പ്രക്രിയയും സാമൂഹിക പരിവര്‍ത്തനവും നഗരങ്ങളിലേക്കുള്ള കുടിയേറ്റവും കാണുന്നതിന്നു മുമ്പുതന്നെ ചരിത്രത്തില്‍ ഇസ്‌ലാമിക മൂല്യങ്ങളിലേക്കു തിരിച്ചു പോവണമെന്ന സമാധാനപരവും അല്ലാത്തതുമായ ആഹ്വാനം കണ്ടിരുന്നു.
3. തെക്കും വടക്കുമുള്ള സംഘര്‍ഷത്തില്‍ നിന്നോ മുസ്‌ലിം മേഖലയെ ആഗോള വിപണിയുടെ ഭാഗമാക്കിയതുകൊണ്ടോ രൂപപ്പെട്ടതാണ് ഇസ്‌ലാമിക ജാഗരണം എന്ന ആശയം. സാമ്പത്തികമായ അന്തരങ്ങളുമായി മാത്രം സാമൂഹിക പ്രതിഭാസങ്ങളെ ബന്ധപ്പെടുത്തുമ്പോഴുണ്ടാവുന്ന പരിമിത പരികല്‍പ്പനയാണ് കാരണം. സാംസ്‌കാരികവും നാഗരികവുമായ സവിശേഷതകള്‍ മൂലം മുസ്‌ലിം ലോകം മറ്റു മൂന്നാം ലോക രാജ്യങ്ങളില്‍നിന്നു മാറിനില്‍ക്കുന്നു.
അവ്യക്തമായ താരതമ്യ പഠനങ്ങള്‍
കൂടാതെ, പാശ്ചാത്യ ഗവേഷകര്‍ ആധുനികവല്‍ക്കരണത്തിനും വികസനത്തിനും നല്‍കുന്ന നിര്‍വചനങ്ങള്‍ സൈദ്ധാന്തികമായി അവ്യക്തമായതാണ്. താരതമ്യ പഠനങ്ങളിലൊക്കെ ഏതു മൂന്നാം ലോകരാഷ്ട്രമായാലും അവിടെ നടക്കുന്ന സാമ്പത്തിക മാറ്റങ്ങളില്‍ വ്യത്യസ്ത നിഗമനങ്ങളാണ് കാണുന്നത്. ദ്രുതഗതിയിലുള്ള മാറ്റം, വികസനം, ആധുനികവല്‍ക്കരണം എന്നിവ ഇസ്‌ലാമിക സക്രിയതയ്ക്കു വഴിവച്ചു എന്ന വാദം സൈദ്ധാന്തികമായി സംശയമുളവാക്കുന്നു. കാരണം, മേല്‍പ്പറഞ്ഞ ഒരു പ്രക്രിയയ്ക്കും ഒരേ തരത്തിലുള്ള പ്രവര്‍ത്തനപദ്ധതിയില്ല. പിന്നോട്ടുവലിക്കുന്ന പ്രതിഭാസം എന്നതും വെറും ആരോപണം മാത്രമാണ്. അതിവേഗമുള്ള ആധുനികവല്‍ക്കരണം എന്ന സംജ്ഞയ്ക്കു കൃത്യമായ നിര്‍വചനം നല്‍കുന്ന അനുഭവസിദ്ധമായ ഒരു പഠനവും നടന്നിട്ടില്ല. മധ്യപൗരസ്ത്യത്തിലും മുസ്‌ലിം മേഖലയിലും വികസന മുരടിപ്പുണ്ടെന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ഒട്ടേറെ പഠനങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍, ആരും മാറ്റത്തിനുള്ള ഒരു വാഗ്ദാനം എന്ന നിലയില്‍ ഇസ്‌ലാമിക പ്രവര്‍ത്തനത്തെ വിലയിരുത്താന്‍ മുതിരുന്നില്ല. പകരം ഗവേഷകര്‍ ഇസ്‌ലാമിക പ്രവര്‍ത്തനം പിന്തിരിപ്പനും പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നതും ജീര്‍ണിച്ചതുമായ ഒരു പ്രവണതയാണെന്ന് അങ്ങ് തീരുമാനിക്കുന്നു.
ആധുനികവല്‍ക്കരണ, സാമ്പത്തിക വികസന സിദ്ധാന്തങ്ങളുടെ പൊതുസമീപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൃത്യമായ അനുമാനങ്ങളെന്തെന്നു നാം പരിശോധിക്കണം.
ആനുകാലിക സാമൂഹിക ശാസ്ത്രജ്ഞ•ാരായ മേരി ജെയ്ന്‍ ഡീബ്, റിച്ചാഡ് ഡെക്‌മെജിയാന്‍ എന്നിവര്‍ പാരമ്പര്യവാദവും വ്യക്തിപ്രഭാവവും ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ കാണുന്നു. ഡെക്‌മെജിയാന്‍ സ്വത്വം, നിയമസാധുത, ദുര്‍ഭരണം, വര്‍ഗസമരം, ധൈനികമായ ദൗര്‍ബല്യം എന്നീ രാസത്വരകങ്ങളാണ് ഇസ്‌ലാമിക പ്രവര്‍ത്തനം ശക്തിപ്പെടുന്നതിന്റെ പിന്നിലെന്നു വാദിക്കുന്നു. സമൂഹത്തില്‍ കുഴപ്പങ്ങള്‍ വര്‍ധിക്കുകയും വ്യക്തിപ്രഭാവമുള്ള നേതാവ് ഉയര്‍ന്നുവരുകയും ചെയ്യുമ്പോള്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ ചൈതന്യം ആര്‍ജിക്കുന്നു. മുമ്പും ഇപ്പോഴും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഇത്തരമൊരു സാഹചര്യത്തിലാണെന്നും ഡെക്‌മെജിയാന്‍ പറയുന്നു.
ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെക്കുറിച്ചാണ് അദ്ദേഹം പഠിച്ചത്. മതമൗലിക നേതൃത്വത്തിന്റെ സാര്‍വജനീനമായ മാതൃക കൈവിടാതിരുന്ന ബ്രദര്‍ഹുഡ് ഹസനുല്‍ ബന്നയുടെ വ്യക്തിപ്രഭാവത്തിന്റെ തുടര്‍ച്ചയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ സംഘടിത വ്യാപനവുമാണ്: അദ്ദേഹമെഴുതുന്നു. പ്രതിസന്ധികളുണ്ടാവുമ്പോള്‍ സാമൂഹികവും ആത്മീയവുമായ മോചനം എന്ന സന്ദേശവുമായി പ്രത്യക്ഷപ്പെടുന്ന, സാമൂഹിക ശാസ്ത്രജ്ഞനായ മാക്‌സ് വെബര്‍ പറഞ്ഞ, വ്യക്തിപ്രഭാവമുള്ള നേതാവായിരുന്നു ഹസനുല്‍ ബന്ന. പക്ഷേ, വെബറിന്റെ അധീശമാതൃകാ സിദ്ധാന്തത്തെ അമിതമായി ലളിതവല്‍ക്കരിക്കുകയായിരുന്നു ഡെക്‌മെജിയാന്‍ എന്നു പറയാം. കാരണം, വ്യക്തിപ്രഭാവമുള്ള നേതാക്കളുണ്ടെങ്കില്‍ മാത്രമുടലെടുക്കുന്ന ഒന്നാണ് ജനകീയ പ്രസ്ഥാനങ്ങള്‍ എന്നാണ് അദ്ദേഹം വാദിക്കുന്നത്. അനുയായികള്‍ ആദരിക്കുന്ന നേതാക്കള്‍ പ്രധാനമാണെങ്കിലും പ്രസ്ഥാനങ്ങള്‍ വിജയിക്കുന്നത് അവര്‍ മൂലം മാത്രമല്ല.
(അവസാനിക്കുന്നില്ല)
(ഈജിപ്തില്‍ ജനിച്ച ലേഖിക പല അമേരിക്കന്‍ സര്‍വകലാശാലകളിലും അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്)